പ്രദീപ് രംഗനാഥൻ നായകനായ പുതിയ ചിത്രം 'ഡ്യൂഡ്' ആദ്യ ദിനം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തമിഴ് സിനിമയില്‍ പ്രദീപ് രംഗനാഥനോളം ആരാധകരെ നേടിയ ആളുകള്‍ കുറവാണ്. സംവിധായകനായി അരങ്ങേറി പിന്നീട് നായകനായും വലിയ വിജയങ്ങള്‍ നേടിയ പ്രദീപിന്‍റെ ഏറ്റവും പുതിയ ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തി. തമിഴില്‍ നിന്നുള്ള ദീപാവലി റിലീസ് ആയി എത്തിയ ഡ്യൂഡ് ആണ് ആ ചിത്രം. മമിത ബൈജു നായികയായി എത്തിയ ചിത്രം റൊമാന്‍റിക് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രദീപ് രംഗനാഥന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കൊയ്മൊയ്‍യുടെ കണക്ക് പ്രകാരം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 10.5 കോടിയാണ്. തമിഴ്, തെലുങ്ക് പതിപ്പുകളിലായി ഒരേ ദിവസം തിയറ്ററുകളിലെത്തിയ ചിത്രം രണ്ട് പതിപ്പുകളിലും കൂടി നേടിയ കളക്ഷനാണ് ഇത്. പ്രദീപ് രംഗനാഥന്‍റെ ഇതിന് മുന്‍പുള്ള കരിയര്‍ ബെസ്റ്റ് ഓപണിംഗ് കഴിഞ്ഞ ചിത്രമായ ഡ്രാഗണ്‍ ആയിരുന്നു. 6.5 കോടി ആയിരുന്നു ചിത്രം റിലീസ് ദിനത്തില്‍ നേടിയത്. 61.53 ശതമാനം കൂടിയ കളക്ഷനാണ് ഡ്യൂഡ് നേടിയിരിക്കുന്നത്.

മമിത ബൈജുവിന് തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യതയും ചിത്രത്തിന് പ്ലസ് ആണ്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടാന്‍ മമിതയ്ക്ക് സാധിച്ചിരുന്നു. ആദ്യ ദിനം മികച്ച പ്രേക്ഷക, നിരൂപക അഭിപ്രായം നേടാനായ ചിത്രം ദീപാവലി എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുമെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. കൊയ്‍മൊയ്‍യുടെ വിലയിരുത്തല്‍ പ്രകാരം ആദ്യ വാരാന്ത്യത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ കളക്ഷന്‍ 35 കോടിയാണ്.

കീര്‍ത്തീശ്വരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവി ശങ്കറും ചേര്‍ന്നാണ്. നികേത് ബൊമ്മിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഭരത് വിക്രമന്‍ എഡിറ്റിംഗ്. സായ് അഭ്യങ്കര്‍ ആണ് സംഗീത സംവിധാനം. 139 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. കേരളത്തിലും മികച്ച ഒക്കുപ്പന്‍സിയാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രം കൂടി വിജയിച്ചാല്‍ പ്രദീപ് രംഗനാഥന്‍റെ താരമൂല്യം ഇനിയും വര്‍ധിക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്