വലിയ പ്രൊമോഷനില്ലാതെ എത്തി മികച്ച അഭിപ്രായം നേടിയ എക്കോ ബോക്സ് ഓഫീസില്‍ കുതിക്കുന്നു

മലയാളത്തില്‍ അടുത്തിടെ ഏറ്റവും പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ നേടിയ ചിത്രമാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിന്‍റെ സംവിധായകനും രചയിതാവും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്‍റെ പ്രീ റിലീസ് യുഎസ്പി. നവംബര്‍ 21 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വലിയ പ്രൊമോഷണല്‍ ബഹളങ്ങള്‍ ഇല്ലാതെയാണ് തിയറ്ററുകളില്‍ എത്തിയതെങ്കിലും ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ഇതോടെ ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടങ്ങി. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ട്രാക്കര്‍മാര്‍ ഓരോ ദിവസവുമുള്ള കണക്കുകള്‍ പുറത്തുവിട്ടിരുന്നുവെങ്കിലും ഔദ്യോഗികമായി ഒരു കണക്ക് പുറത്തെത്തുന്നത് ഇത് ആദ്യമായാണ്.

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആദ്യ വാരം നേടിയിരിക്കുന്നത് 25 കോടിയില്‍ അധികമാണ്. രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ലോകവ്യാപകമായി സ്ക്രീന്‍ കൗണ്ട് കൂട്ടിയിരുന്നു. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്ക് കടന്നിരുന്നു. ജിസിസി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് ചിത്രം എത്തിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

രണ്ടാം വാരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിച്ചതിന്‍റെ മെച്ചം ഒന്‍പതാം ദിനമായ ശനിയാഴ്ചയിലെ കളക്ഷനില്‍ പ്രതിഫലിച്ചിട്ടുണ്ട്. റിലീസിന് ശേഷം ചിത്രം നേടിയ ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ഇന്നലെ ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 2 കോടി രൂപ ചിത്രം ഇന്നലെ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇതേ ദിവസത്തെ നെറ്റ് കളക്ഷന്‍ 2.25 കോടി ആണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് അറിയിച്ചിട്ടുണ്ട്. ബാഹുല്‍ രമേശിന്‍റെ രചന തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മിസ്റ്ററി ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം പകരുന്ന ഒന്നാണ്. കിഷ്കിന്ധാ കാണ്ഡത്തിനും ജിയോ ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിനും (സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു) ശേഷം ബാഹുല്‍ രമേശിന്‍റെ അനിമല്‍ ട്രൈലജിയിലെ മൂന്നാമത്തെ ഭാ​ഗമായുമാണ് എക്കോ ഒരുക്കിയിരിക്കുന്നത്. യുവനായക നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സന്ദീപ് പ്രദീപിനും വലിയ നേട്ടമാണ് ഈ ചിത്രം.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്