മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടിയ മലയാള ചിത്രം എക്കോ ഇതുവരെ എത്ര നേടി? കണക്കുകള്‍

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളിലൊന്നാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിന്‍റെ രചയിതാവും സംവിധായകനും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രീ റിലീസ് യുഎസ്പി. വലിയ ഹൈപ്പിനൊന്നും പോവാതെ ചിത്രം എന്താണെന്നും എന്ത് പ്രതീക്ഷിക്കാമെന്നും കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്തുകൊണ്ട് ഉള്ളതായിരുന്നു അണിയറക്കാര്‍ കൊടുത്ത പ്രൊമോഷന്‍. പ്രേക്ഷകരുടെ പ്രതീക്ഷകളെ ചിത്രം സാധൂകരിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ച പ്രതികരണങ്ങള്‍. പിന്നാലെ ബോക്സ് ഓഫീസിലും ചിത്രം കുതിപ്പ് തുടങ്ങി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

നവംബര്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. റിലീസ് ദിനത്തില്‍ 80 ലക്ഷം ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനം അത് 1.85 കോടിയിലേക്കും മൂന്നാം ദിനം 3.05 കോടിയിലേക്കുമൊക്കെ എത്തി. മൗത്ത് പബ്ലിസിറ്റിയുടെ നേട്ടമായിരുന്നു ഇത്. ആദ്യ വാരാന്ത്യത്തിലും ചിത്രം വലിയ കളക്ഷന്‍ നേടി. മൂന്നാം വാരത്തില്‍ കളങ്കാവല്‍ അടക്കമുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും ചിത്രം തിയറ്ററുകളില്‍ തുടരുന്നുണ്ട്. കളക്ഷനില്‍ ഇടിവ് വന്നിട്ടുണ്ടെങ്കിലും ചിത്രം കാണാന്‍ ഇപ്പോഴും വലിയൊരു വിഭാഗം പ്രേക്ഷകര്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 16 ദിവസങ്ങള്‍ കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 21.4 കോടിയാണ്. ഗ്രോസ് 25.25 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 15.5 കോടിയാണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 16 ഇതുവരെ ആകെ നേടിയിരിക്കുന്നത് 40.75 കോടിയാണ്. വരുന്ന വാരങ്ങളിലും ചിത്രം തിയറ്ററുകളില്‍ തുടരുമെന്ന് ഉറപ്പാണ്. എന്നാല്‍ പുതിയ റിലീസുകള്‍ കാരണം സ്ക്രീന്‍ കൗണ്ട് കുറയുമെന്ന് മാത്രം. എന്നിരിക്കിലും ബജറ്റ് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം തന്നെ സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസ് നേടിയിട്ടുണ്ട്.

മിസ്റ്ററി ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം പകരുന്ന ഒന്നാണ്. കിഷ്കിന്ധാ കാണ്ഡത്തിനും ജിയോ ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിനും (സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു) ശേഷം ബാഹുല്‍ രമേശിന്‍റെ അനിമല്‍ ട്രൈലജിയിലെ മൂന്നാമത്തെ ഭാ​ഗമായാണ് എക്കോ ഒരുക്കിയിരിക്കുന്നത്. യുവനായക നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സന്ദീപ് പ്രദീപിനും വലിയ നേട്ടമാണ് ഈ ചിത്രം.

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections