ആപ്പിള്‍ സ്റ്റുഡിയോസ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന അഞ്ചാമത്തെ ചിത്രം
സൂപ്പര്‍ഹീറോ സിനിമകളല്ലാതെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുന്‍പ് ഉണ്ടായിരുന്ന അളവില്‍ ഹോളിവുഡില്‍ നിലവില്‍ ഉണ്ടാവുന്നില്ല. തിയറ്ററുകളിലെത്തി സിനിമ കാണുന്ന നിലവിലെ പ്രേക്ഷകരിലെ അഭിരുചി മാറ്റമാണ് അത്തരം ചിത്രങ്ങളില്‍ വലിയ രീതിയില്‍ മുതല്‍മുടക്കുന്നതില്‍ നിന്ന് സ്റ്റുഡിയോകളെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ എണ്ണത്തില്‍ കുറവാണെങ്കിലും അത്തരം ചിത്രങ്ങള്‍ ഇപ്പോഴും ഹോളിവുഡില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് എഫ് 1. ഫോര്‍മുല 1 ന്‍റെ പശ്ചാത്തലത്തില്‍ ബ്രാഡ് പിറ്റ് നായകനായ സ്പോര്‍ട്സ് ഡ്രാമ ചിത്രം ആപ്പിള്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ നിര്‍മ്മാണത്തില്‍ തുടര്‍ന്നും മുതല്‍മുടക്കണോ എന്ന ചോദ്യത്തിന് ആപ്പിള്‍ സ്റ്റുഡിയോസിന് മുന്നിലുള്ള ലിറ്റ്മസ് പരിശോധനയായിരുന്നു ഒരര്‍ഥത്തില്‍ എഫ് 1 എന്ന ചിത്രം. ആപ്പിളിന് പ്രതീക്ഷ പകരുന്ന പ്രതികരണങ്ങളാണ് ലോകമെമ്പാടുനിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജൂണ്‍ 27 ന് ആയിരുന്നു ചിത്രത്തിന്‍റെ ആഗോള റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ റിലീസ് ചെയ്യപ്പെട്ട എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്ന് മാത്രമല്ല, ബിഗ് സ്ക്രീനില്‍ത്തന്നെ കണ്ട് ആസ്വദിക്കേണ്ട ചിത്രമാണെന്ന മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു. ഇതോടെ ആപ്പിള്‍ സ്റ്റുഡിയോസിന്‍റെ നിര്‍മ്മാണത്തിലെത്തില്‍ ഇതുവരെ തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ആദ്യ വാരാന്ത്യ കളക്ഷനോടെ ബോക്സ് ഓഫീസില്‍ ചിത്രം കുതിപ്പ് തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്.
വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ 10 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 293 മില്യണ്‍ ഡോളര്‍ (2511 കോടി രൂപ) ആണ്. ആപ്പിളിന്‍റെ തന്നെ നിര്‍മ്മാണത്തിലെത്തിയ മാര്‍ട്ടിന്‍ സ്കോര്‍സെസെ ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണിന്‍റെ ലൈഫ് ടൈം കളക്ഷനേക്കാള്‍ (158 മില്യണ്‍ ഡോളര്‍) വരുമിത്. അവരുടെ മറ്റൊരു പ്രൊഡക്ഷനായ, റിഡ്‍ലി സ്കോട്ട് ചിത്രം നെപ്പോളിയന്‍റെ ലൈഫ് ടൈം കളക്ഷനെയും (221 മില്യണ്‍ ഡോളര്‍) ചിത്രം ഇതിനകം മറികടന്നിട്ടുണ്ട്. അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് ആപ്പിള്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചവയില്‍ ഇതുവരെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ ഫ്ലൈ മീ ടു ദി മൂണ്‍ (42 മില്യണ്‍ ഡോളര്‍), ആര്‍ഗൈല്‍ (96 മില്യണ്‍ ഡോളര്‍) എന്നിവ വന്‍ പരാജയങ്ങള്‍ ആയിരുന്നു.
അതേസമയം 293 മില്യണ്‍ ഡോളര്‍ (2511 കോടി രൂപ) കളക്ഷന്‍ നേടിയെങ്കിലും ചിത്രം വിജയമൊന്നും ആയിട്ടില്ല. നിര്‍മ്മാണച്ചെലവ് തന്നെയാണ് അതിന് കാരണം. 250 മില്യണ്‍ ഡോളറിന് മുകളിലാണ് ചിത്രത്തിന്‍റെ ബജറ്റ്. മാര്‍ക്കറ്റിംഗിന് മാത്രമായി മറ്റൊരു 100 ഡോളറും. അങ്ങനെ ആകെ 350 മില്യണ്‍ ഡോളര്‍ (2999 കോടി രൂപ) ആണ് ചിത്രത്തിനായി ആപ്പിള്‍ സ്റ്റുഡിയോസിനും സഹനിര്‍മ്മാതാക്കള്‍ക്കും ചെലവായത്. അതായത് ആപ്പിളിനെ സംബന്ധിച്ച് ബോക്സ് ഓഫീസില്‍ പ്രതീക്ഷ നല്‍കുന്ന തുടക്കം മാത്രമേ ആയിട്ടുള്ളൂ. ചിത്രം വിജയമാവാന്‍ ബോക്സ് ഓഫീസില്‍ ലാപ്പുകള്‍ ഇനിയും ഓടണം.

