2001 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ സീക്വല്‍

വന്‍ തകര്‍ച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് വന്‍ ഉണര്‍വ്വ് പകര്‍ന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍റെ പഠാന്‍. എന്നാല്‍ അത് ബോളിവുഡിന്‍റെ തിരിച്ചുവരവായി വ്യാഖ്യാനിക്കാന്‍ ട്രേഡ് അനലിസ്റ്റുകള്‍ ഒന്ന് മടിച്ചു. പഠാന്‍റെ വന്‍ വിജയത്തോട് കിട പിടിക്കുന്ന ചിത്രങ്ങളൊന്നും പിന്നീട് എത്തിയില്ല എന്നതുതന്നെ കാരണം. അക്ഷയ് കുമാറിന്‍റെയും സല്‍മാന്‍ ഖാന്‍റെയുമൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ അതിനിടെ എത്തിയെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നേട്ടമൊന്നും സ്വന്തമാക്കാനായില്ല. അതേസമയം താരതമ്യേന ചെറിയ ചിത്രങ്ങള്‍ ഭേദപ്പെട്ട വിജയം നേടിതാനും. എന്നാലും തിയറ്ററുകള്‍ നിറയ്ക്കുന്ന ഒരു വന്‍ വിജയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഹിന്ദി സിനിമാലോകം. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുകയാണ്. സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച ഗദര്‍ 2 ആണ് ആ ചിത്രം.

സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമിട്ട് ഓഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ചലച്ചിത്രലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. 2001 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ സീക്വല്‍ ആണെന്നതിനാല്‍ ചിത്രം പ്രേക്ഷകപ്രീതി നേടിയേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഉത്തരേന്ത്യന്‍ തിയറ്ററുകള്‍ ജനസമുദ്രമാക്കുമെന്ന് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് പോലും കരുതിയിരുന്നിരിക്കില്ല. റിലീസ് മുതലിങ്ങോട്ട് അതത് ദിവസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്ത് വിടുന്നുണ്ട്. ഇപ്പോഴിതാ 22 ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അവര്‍.

22 ദിവസം കൊണ്ട് 487.65 കോടിയാണ് ചിത്രം നേടിയതെന്നാണ് സീ സ്റ്റുഡിയോസ് അറിയിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രമുള്ള നേട്ടമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഈ സമയത്തിനുള്ളില്‍ ചിത്രം ആകെ 631.80 കോടി നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. 

Scroll to load tweet…

അതേസമയം തെന്നിന്ത്യന്‍ ഹിറ്റ് ജയിലറിന്‍റെ രണ്ടാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ മാത്രമാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഇതുവരെ പുറത്തുവിട്ടത്. ഇതുപ്രകാരം ജയിലറിന്‍റെ രണ്ടാഴ്ചത്തെ നേട്ടം 525 കോടിയാണ്. അതേസമയം ചിത്രം മൂന്ന് വാരങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടി ക്ലബ്ബില്‍ എത്തിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. ജയിലറിന്‍റെ ഒടിടി റിലീസ് തീയതിയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിയറ്റര്‍ കളക്ഷനെ അത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലൈഫ് ടൈം കളക്ഷനില്‍ ജയിലറിനേക്കാള്‍ മുന്നിലെത്തും ഗദര്‍ 2 എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

ALSO READ : അത് വിജയ് തന്നെ! ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പ്രിയതാരത്തിന് തിയറ്ററില്‍ വിസിലടിച്ച് തമിഴ് സൂപ്പര്‍താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക