ഗെയിം ചേഞ്ചർ രണ്ടാം ദിന കളക്ഷനിൽ വൻ ഇടിവ് നേരിട്ടു.
ചെന്നൈ: രാം ചരണ്‍ പ്രധാന വേഷത്തില്‍ എത്തി ഷങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ ആദ്യ ദിനം ഉണ്ടാക്കിയ സമിശ്രമായ അഭിപ്രായം രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ പ്രതിഫലിച്ചു. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, രാം ചരൺ ചിത്രം ശനിയാഴ്ച കളക്ഷനിൽ 57.84 ശതമാനം ഇടിവ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച (ഒന്നാം ദിവസം) എല്ലാ ഭാഷകളിലുമായി ചിത്രം നേടിയത് 51 കോടി രൂപയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. എന്നാൽ വീക്കെന്‍റ് ആയിട്ടും രണ്ടാം ദിനം ശനിയാഴ്ച ചിത്രം 21.5 കോടി രൂപ മാത്രമാണ് ഇന്ത്യയില്‍ നേടിയത്. ഇതോടെ ചിത്രത്തിന്‍റെ മൊത്തം ഇന്ത്യൻ ഗ്രോസ് കളക്ഷൻ 72.5 കോടി രൂപയായി.
ആദ്യദിനത്തില്‍ ആഗോളതലത്തില്‍ ചിത്രം 180 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് രണ്ടാം ദിനത്തില്‍ കളക്ഷന്‍ കുത്തനെ ഇടിഞ്ഞത്.
രണ്ട് ദിവസത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ ഗെയിം ചേഞ്ചറിൻ്റെ തെലുങ്ക് പതിപ്പ് 53.95 കോടിയും ഹിന്ദി പതിപ്പ് 14.5 കോടിയും നേടി. ചിത്രത്തിന്‍റെ തമിഴ് പതിപ്പ് 3.82 കോടിയും മലയാളം പതിപ്പ് 0.03 കോടിയും നേടി. കന്നഡ പതിപ്പും 0.02 കോടി നേടിയിട്ടുണ്ട്. ഗെയിം ചേഞ്ചറിന്‍റെ തെലുങ്ക് പതിപ്പിന്‍റെ മൊത്തത്തിലുള്ള ഒക്യൂപെന്‍സി ശനിയാഴ്ച 31.19 ശതമാനവും ഹിന്ദി പതിപ്പിന് 21.82 ശതമാനവുമാണ്.
ചിത്രത്തിന്‍റെ കഥയും കഥ സന്ദര്‍ഭങ്ങളും തീര്‍ത്തും പഴഞ്ചന്‍ എന്നാണ് വിമര്‍ശനം വരുന്നത്. ചില തമിഴ് റിവ്യൂകള്‍ ഷങ്കറിന്‍റെ ഗെയിം ചേഞ്ചര്‍ അദ്ദേഹത്തിന്‍റെ ഗെയിം ഓവറാണ് എന്ന തരത്തിലാണ് റിവ്യൂ നല്‍കിയിരിക്കുന്നത്. ചിത്രം എന്തായാലും വലിയ തിരിച്ചടിയാണ് ബോക്സോഫീസില്‍ നേരിടുന്നത് എന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച കളക്ഷന്‍ മുന്‍ ദിവസങ്ങളില്‍ നിന്നും മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് രാം ചരണ്‍ ആരാധകര്‍.
186 കോടി രൂപ തള്ളോ ? : ഗെയിം ചേഞ്ചര്‍ ആദ്യ ദിന കളക്ഷനില്‍ സംശയം ഉയര്‍ത്തി സോഷ്യല്‍ മീഡിയ
