ഫെബ്രുവരി 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രം (Gangubai Kathiawadi)

ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടുന്ന ചിത്രമായി മാറുകയാണ് അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായി കത്തിയവാഡി (Gangubai Kathiawadi). ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. തൊട്ടുപിറ്റേദിവസം പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യവാര കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയാണ്. വെള്ളി- 10.50 കോടി, ശനി 13.32 കോടി, ഞായര്‍- 15.30 കോടി, തിങ്കള്‍- 8.19 കോടി, ചൊവ്വ- 10.01 കോടി, ബുധന്‍- 6.21 കോടി, വ്യാഴം- 5.40 കോടി എന്നിങ്ങനെയാണ് ആദ്യ ഏഴ് ദിവസങ്ങളിലെ കളക്ഷന്‍ കണക്കുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കാണ് ഇത്. കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്. അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശി, രണ്‍വീര്‍ സിം​ഗ് നായകനായ 83 എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സൂര്യവന്‍ശി 120.66 കോടിയും 83 71.87 കോടിയുമാണ് നേടിയിരുന്നത്.

Scroll to load tweet…

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി. 'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് 2020 ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നിശ്ചയിച്ചിരുന്ന റിലീസ് തീയതിയും മാറ്റിവെക്കേണ്ടിവന്നിരുന്നു. 

അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ശന്തനു മഹേശ്വരി, വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‍വ, വരുണ്‍ കപൂര്‍, ജിം സര്‍ഭ്, അജയ് ദേവ്ഗണ്‍, ഹുമ ഖുറേഷി, രാഹുല്‍ വോറ, ആന്‍മോള്‍ കജനി, പ്രശാന്ത് കുമാര്‍, റാസ മുറാദ്, ഛായ കദം, മിതാലി, പല്ലവി യാദവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നതും സഞ്ജയ് ലീല ബന്‍സാലിയാണ്. ഛായാഗ്രഹണം സുദീപ് ചാറ്റര്‍ജി, ബന്‍സാലിക്കൊപ്പം ഉത്കര്ഷിണി വസിഷ്ഠയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഉത്കര്‍ഷിണിക്കൊപ്പം പ്രകാശ് കപാഡിയയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം സഞ്ജിത് ബല്‍ഹറ,അങ്കിത് ബല്‍ഹറ. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതും സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്.