Asianet News MalayalamAsianet News Malayalam

ഇതുവരെ വിറ്റ ടിക്കറ്റുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും! 'ഹനു മാന്‍' ബിസിനസ് കണക്കുകളുമായി നിര്‍മ്മാതാക്കള്‍

പ്രൈംഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് നിര്‍മ്മാതാക്കള്‍

hanu man crossed 1 crore plus footfalls teja sajja prasanth varma nsn
Author
First Published Jan 28, 2024, 4:17 PM IST

തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിനെ ഞെട്ടിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ബാഹുബലിയിലൂടെ എസ് എസ് രാജമൗലിയാണ് അതിന് തുടക്കമിട്ടത്. പിന്നാലെ പുഷ്പ, കെജിഎഫ്, ആര്‍ആര്‍ആര്‍, കാന്താര തുടങ്ങിയ ചിത്രങ്ങളൊക്കെ വന്നു. ആ ഗണത്തിലെ പുതിയ ചിത്രമാണ് ഹനു മാന്‍. തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹീറോ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്ന ചിത്രത്തിന്‍റെ കൗതുകകരമായ ഒരു കണക്ക് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ഇതുവരെ വിറ്റ ടിക്കറ്റുകളുടെ കണക്കാണ് അത്.

ഒരു കോടിയിലധികം ആളുകള്‍ ചിത്രം കണ്ടതായാണ് നിര്‍മ്മാതാക്കളായ പ്രൈംഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 250 കോടിയാണ് നേടിയിരിക്കുന്നത്. വെറും 15 ദിവസം കൊണ്ട് ഉണ്ടായ നേട്ടമാണ് ഇത്. ജനുവരി 12 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.

തേജ സജ്ജ നായകനായ ഹനു മാനില്‍ അമൃത അയ്യര്‍, വരലക്ഷ്മി ശരത്‍കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രശാന്ത് വര്‍മ്മയുടേത് തന്നെയാണ് കഥ. പ്രൈം ഷൈ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ കണ്ടഗട്‍ല നിരഞ്ജന്‍ റെ‍ഡ്ഡിയാണ് നിര്‍മ്മാണം. മൈത്രി മൂവി മേക്കേഴ്സ്, ആര്‍കെഡി സ്റ്റുഡിയോസ്, എഎ ഫിലിംസ്, ശക്തി ഫിലിം ഫാക്റ്ററി എന്നിവരായിരുന്നു വിതരണം. അനുദീപ് ദേവ്, ഗൗര ഹരി, കൃഷ്ണ സൗരഭ് എന്നിവരായിരുന്നു സംഗീത സംവിധായകര്‍. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ജയ് ഹനുമാന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.

ALSO READ : 'മസാലദോശ കിട്ടുമ്പോള്‍ ബീഫ് ആണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെ'; 'വാലിബന്‍' പ്രതികരണങ്ങളെക്കുറിച്ച് അനുരാഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios