ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത, 'ദി ഒഡീസ്സി' തിയറ്ററുകളിൽ എത്തി. ആദ്യ കളക്ഷന്‍ കണക്കുകള്‍

ലോകമെങ്ങും ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ഇങ്ങ് കേരളത്തില്‍ പോലും അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന സിനിമാപ്രേമികളുണ്ട്. ​ഗ്രാഫിക്സ് അടക്കമുള്ള മാര്‍​ഗങ്ങള്‍ മാറ്റിനിര്‍ത്തി പറ്റുന്നത്ര യഥാതഥമായി ചിത്രീകരിച്ച് പ്രേക്ഷകര്‍ക്ക് അനുഭവം സമ്മാനിക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. അത്തരത്തിലൊരു സംവിധായകന്‍ ഒരു ഇതിഹാസ കാവ്യം സിനിമയാക്കിയാല്‍ എങ്ങനെയുണ്ടാവും? അതാണ് ഇക്കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളിലെത്തിയ ദി ഒഡീസ്സി എന്ന ചിത്രം. ഹോമര്‍ എഴുതിയ ​ഗ്രീക്ക് ഇതിഹാസ കാവ്യം ഒഡീസ്സിക്കുള്ള ക്രിസ്റ്റഫര്‍ നോളന്‍റെ ട്രിബ്യൂട്ട് ആണ് ചിത്രം. ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ ചിത്രത്തെ ഏത് തരത്തില്‍ സ്വീകരിച്ചു? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിം​ഗ് വീക്കെന്‍സ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ഐമാക്സ് ക്യാമറകളില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ചിത്രം എന്ന പ്രത്യേകതയുമായാണ് ദി ഒഡീസ്സി എത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ ഐമാക്സ് സ്ക്രീനുകളില്‍ ചിത്രം കാണാനായി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പും ഉണ്ടായിരുന്നു. ഐമാക്സ് സ്ക്രീനുകളില്‍ ഒരു വര്‍ഷം മുന്‍പ് ടിക്കറ്റ് ബുക്കിം​ഗ് തുടങ്ങിയും ചിത്രം വാര്‍ത്ത സൃഷ്ടിച്ചിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച അഭിപ്രായം നേടിയതോടെ കളക്ഷനിലും വലിയ കുതിപ്പാണ് നടത്തിയത്. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള മൂന്ന് ദിവസങ്ങളില്‍ നിന്ന് മാത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 264 മില്യണ്‍ ഡോളര്‍ ആണെന്നാണ് നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. അതായത് 2546 കോടി രൂപ!

ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കൊണ്ട് മാത്രം ചിത്രത്തിന്‍റെ ബജറ്റ് റിക്കവറി നടന്നു എന്നതാണ് അത്ഭുതകരം! 250 മില്യണ്‍ ഡോളര്‍ (2411 കോടി രൂപ) ആണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബാറ്റ്മാന്‍ ഫ്രാഞ്ചൈസി ഒഴിവാക്കിയാല്‍ നോളന്‍റെ ഏറ്റവും മികച്ച ഓപണിം​ഗ് ആണ് ഒഡീസ്സിയുടേത്. 2012 ല്‍ പുറത്തെത്തിയ ദി ഡാര്‍ക് നൈറ്റ് റൈസസ് 249 മില്യണ്‍ ഡോളര്‍ ആണ് ഓപണിം​ഗ് നേടിയത്. പണപ്പെരുപ്പം അനുസരിച്ച് ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ അത് 362 മില്യണ്‍ ഡോളര്‍ വരും. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മാത്രം ചിത്രം നേടിയ ഓപണിം​ഗ് 124.5 മില്യണ്‍ ഡോളര്‍ ആണ്. നിര്‍മ്മാതാക്കളുടെ പ്രവചനം 100 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഇന്ത്യ അടക്കമുള്ള എല്ലാ മാര്‍ക്കറ്റുകളിലും ചിത്രം വന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഫൈനല്‍ ഫി​ഗേഴ്സ് ഇപ്പോള്‍ പ്രവചിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming