ഓണം റിലീസ് ആയി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രം

ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനൊപ്പം ഒന്നിക്കുന്നു എന്നതായിരുന്നു ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ യുഎസ്പി. പല കാലങ്ങളില്‍ മലയാളി നെഞ്ചേറ്റിയ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കോമ്പോയുടെ പുതിയ ചിത്രം പ്രേക്ഷകര്‍ക്കുള്ള ഓണസമ്മാനമായാണ് എത്തിയത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ സമീപകാല വിജങ്ങളുടെ ലിസ്റ്റിലേക്ക് ഹൃദയപൂര്‍വ്വം ഇടം പിടിക്കുമെന്നാണ് ട്രാക്കര്‍മാരുടെ മുന്‍കൂറായുള്ള വിലയിരുത്തല്‍.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 8.63 കോടിയാണ്. ഞായറാഴ്ചയും ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സിയാണ് തിയറ്ററുകളിലെന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകള്‍ നല്‍കുന്ന വിവരം. ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 8.06 കോടി (ഗ്രോസ്) ആണെന്നാണ് ഇവിടെനിന്നുള്ള ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് മാത്രം ഒരു മില്യണ്‍ ഡോളറിന് മുകളില്‍ ചിത്രം വിദേശത്ത് നിന്ന് നേടിയിരുന്നു. 9.73 കോടി രൂപ വരും ഇത്. അങ്ങനെ ആദ്യ രണ്ട് ദിവസത്തെ ഹൃദയപൂര്‍വ്വത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 16.35 കോടി വരും.

ഞായറാഴ്ച വരെയുള്ള ആദ്യ വാരാന്ത്യ ദിനങ്ങളിലും പിന്നീടുള്ള ഓണം അവധി ദിനങ്ങളിലും ചിത്രം ബോക്സ് ഓഫീസിലെ മികച്ച പ്രതികരണം തുടരുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇത് 30 കോടിക്ക് മുകളില്‍ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അഖിൽ സത്യന്‍റെ കഥയ്ക്ക് നവാഗതനായ ടി പി സോനുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News | Nehru Trophy Boat Race