ഓണം റിലീസ് ആയാണ് ഹൃദയപൂര്‍വ്വം എത്തിയിരിക്കുന്നത്

മലയാള സിനിമയില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഉള്ള താരം ആരെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തന്‍റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ അദ്ദേഹത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അത് പഴയ കഥ. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളിലൂടെ തന്‍റെ ബോക്സ് ഓഫീസ് സിംഹാസനം തിരിച്ചുപിടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഓണം റിലീസ് ആയി അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വ്വം കൂടി എത്തിയതോടെ ബോക്സ് ഓഫീസിലെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമായിരിക്കുകയാണ്.

ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനത്തും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകളാണ് ഇവ. മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഓപണിംഗ് നേടിയ ചിത്രം മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആയിരുന്നു. 68.2 കോടി ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് ദിന ആഗോള ഗ്രോസ്.

രണ്ടാം സ്ഥാനത്ത് തുടരും ആണ്. 17.18 ആണ് ചിത്രത്തിന്‍റെ ആഗോള ഓപണിംഗ്. മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ ഓണച്ചിത്രം ഹൃദയപൂര്‍വ്വം ആണ്. 8.5 കോടി ആണ് ചിത്രത്തിന്‍റെ ആഗോള ഓപണിംഗ്. മമ്മൂട്ടി നായകനായ ബസൂക്കയെ മറികടന്നാണ് ഹൃദയപൂര്‍വ്വം ലിസ്റ്റില്‍ മൂന്നാമത് എത്തിയത്. 7 കോടി ആയിരുന്നു ബസൂക്കയുടെ ആഗോള ഓപണിംഗ്. ഒരു വര്‍ഷം ഒരു ഭാഷയില്‍ ഇറങ്ങുന്ന സിനിമകളില്‍ ഏറ്റവും മികച്ച ഓപണിംഗ് നേടിയ ആദ്യ മൂന്ന് ചിത്രങ്ങള്‍ ഒരു താരത്തിന്‍റേത് ആയി വരുന്നത് ഏത് ഭാഷയിലും അപൂര്‍വ്വതയാണ്. വലിയ ഇന്‍ഡസ്ട്രികളായ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊന്നും വലിയ താരങ്ങളുടെ രണ്ടിലധികം ചിത്രങ്ങള്‍ ഒരു വര്‍ഷം റിലീസ് ആവുന്നത് തന്നെ വിരളമാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ എമ്പുരാന്‍റെ പേരിലാണ്. 265 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയ ആദ്യ ചിത്രമാണ് തുടരും. അതേസമയം ഹൃദയപൂര്‍വ്വം മികച്ച പ്രേക്ഷകാഭിപ്രായവുമായി തിയറ്ററുകളില്‍ തുടരുകയാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming