Asianet News MalayalamAsianet News Malayalam

വിദേശത്ത് വിറ്റത് 30 കോടി ടിക്കറ്റ്! ഇന്നായിരുന്നു റിലീസെങ്കില്‍ കളക്ഷന്‍ 3000 കോടി! ആ ഇന്ത്യന്‍ സിനിമ ഏത്?

ജവാന്‍ ആണ് കളക്ഷന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്

indian movie which sold 30 crore tickets in china caravan bigger hit than jawan pathaan rrr baahubali 2 dangal kgf 2 nsn
Author
First Published Sep 25, 2023, 9:30 PM IST

ബോക്സ് ഓഫീസ് കളക്ഷന്‍ സിനിമകളുടെ പരസ്യത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല, ആ വലിയ സംഖ്യകള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടും. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ആണ് ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി നേടിയതായി ഇന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ഇതോടെ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. അതേസമയം വിറ്റ ടിക്കറ്റുകളുടെ കണക്ക് നോക്കിയാല്‍ ഈ 1000 കോടി ലിസ്റ്റിലുള്ള ദംഗലോ ബാഹുബലി രണ്ടോ ഒന്നുമല്ല എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ്. മറിച്ച് അഞ്ച് പതിറ്റാണ്ട് മുന്‍പ് റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രമാണ്!

ജീതേന്ദ്രയെയും ആശ പരേഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത് 1971 ല്‍ പുറത്തെത്തിയ കര്‍വാന്‍ (കാരവാന്‍) എന്ന ചിത്രമാണ് ഈ നേട്ടത്തിന് ഉടമ. തിയറ്ററുകളിലെത്തിയ കാലത്ത് തന്നെ ഹിറ്റ് ആയിരുന്നു ഈ ചിത്രം. അന്നത്തെ നേട്ടം 3.6 കോടി. എന്നാല്‍ എട്ട് വര്‍ഷത്തിന് ശേഷം ചൈനയില്‍ റിലീസ് ചെയ്തപ്പോഴാണ് ഈ ചിത്രം കൈ വിട്ട വിജയമായി മാറിയത്. ചൈനയില്‍ മാത്രം 30 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി വിറ്റത്. ഇന്ത്യന്‍ ചിത്രങ്ങളുടെ ആഗോള കളക്ഷനില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ 2018 ല്‍ ചൈനയില്‍ വിറ്റത് നാലര കോടി ടിക്കറ്റുകളാണ് എന്നറിയുമ്പോഴേ കര്‍വാന്‍റെ നേട്ടത്തിന്‍റെ വ്യാപ്തി മനസിലാവൂ.

ചൈനീസ് റിലീസില്‍ നിന്ന് കര്‍വാന്‍ 1979 ല്‍ നേടിയത് 31 കോടി രൂപയാണ്. നാണയപ്പെരുപ്പത്തിന്‍റെ തോത് നോക്കിയാല്‍ ഇപ്പോഴത്തെ നിലയില്‍ ഇത് 1000 കോടിയില്‍ പ്രവേശിക്കും. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കിലെ വര്‍ധനവ് നോക്കിയാല്‍ ഈ കളക്ഷന്‍ 3000 കോടിയിലേക്കും എത്തും. ദംഗലിന്‍റെ വിദേശ കളക്ഷന്‍ 1300 കോടി ആയിരുന്നു. പഠാനും ആര്‍ആര്‍ആറും 400 കോടിയും ബാഹുബലി 2 425 കോടിയുമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. 

ALSO READ : തുടക്കമിട്ടത് ആമിര്‍; ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍ ഏതൊക്കെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios