തെലുങ്ക് താരം രവി തേജയുടെ പുതിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു
തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് രവി തേജ. എന്നാല്‍ സോളോ ഹീറോ ആയി അദ്ദേഹത്തിന്‍റെ ഒരു ചിത്രം ബോക്സ് ഓഫീസില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നില്ല, എന്നാല്‍ ഇരുമുടി എന്ന പുതിയ റിലീസിലൂടെ ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ശിവ നിര്‍വാണ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഈ മാസം 21 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ മുതല്‍ വന്‍ മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 124.85 കോടി രൂപയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 106.95 കോടിയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.
സോളോ ഹീറോ ആയി എത്തിയതില്‍ ഇതുവരെ ഏറ്റവും കളക്ഷന്‍ നേടിയ രവി തേജ ചിത്രം 2022 ല്‍ പുറത്തിറങ്ങിയ ധമാക്ക ആയിരുന്നു. 84.7 കോടി ആയിരുന്നു ചിത്രത്തിന്‍റെ ഫൈനല്‍ ആഗോള ഗ്രോസ്. പ്രിയ ഭവാനി ശങ്കര്‍, സായ് കുമാര്‍, ബേബി നക്ഷത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുല്‍ഷന്‍ കുമാറും ഭൂഷണ്‍ കുമാറും ടി സിരീസ് ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. സഹനിര്‍മ്മാണം ശിവ് ചനാന, ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് പ്രവീണ്‍ പുഡി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സഹി സുരേഷ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദിനേശ് നരസിംഹന്‍, ആക്ഷന്‍ റാം ലക്ഷ്മണ്‍, റിയല്‍ സതീഷ്, കൊറിയോഗ്രഫി ശേഖര്‍ വി ജെ, ബാബ ഭാസ്കര്‍.
