ട്രാക്കര്‍മാരില്‍ ഭൂരിഭാഗവും അവതരിപ്പിച്ച കണക്കുകളില്‍ നിന്ന് വേറിട്ട ഒന്നാണ് സണ്‍ പിക്ചേഴ്സ് മുന്നോട്ട് വച്ചിരിക്കുന്നത്

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് ജയിലറിനോളം ജനപ്രീതി ലഭിച്ച സിനിമകള്‍ അപൂര്‍വ്വമാണ്. പേട്ടയ്ക്ക് ശേഷം രജനികാന്തിന്‍റെ താരമൂല്യത്തെ വേണ്ടവിധം ഉപയോഗിച്ച സിനിമയെന്ന് അഭിപ്രായം നേടിയ ചിത്രം കളക്ഷനില്‍ പേട്ടയേക്കാളൊക്കെ വളരെ മുന്നിലാണ്. ജയിലര്‍ റിലീസ് ചെയ്യപ്പെട്ട ഓഗസ്റ്റ് 10 മുതല്‍ ഇങ്ങോട്ട് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച നിരവധി, അനവധി കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലെല്ലാം ആദ്യവാരം തിയറ്ററുകള്‍ നിറഞ്ഞ് ജനമായിരുന്നു എന്നതിനാല്‍ എത്രത്തോളം വലിയ കണക്കിനും വിശ്വാസ്യതയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.

ട്രാക്കര്‍മാരില്‍ ഭൂരിഭാഗവും അവതരിപ്പിച്ച കണക്കുകളില്‍ നിന്ന് വേറിട്ട ഒന്നാണ് സണ്‍ പിക്ചേഴ്സ് മുന്നോട്ട് വച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 375.40 കോടിയാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഈ സംഖ്യ അന്തിമമല്ലെന്നും അപ്ഡേഷന്‍ നടക്കുന്നതേയുള്ളൂവെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ വാര കളക്ഷനാണ് ഇതെന്നും സണ്‍ പിക്ചേഴ്സ് പറയുന്നു.

സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ റിലീസ് ചെയ്യപ്പെട്ട മറുഭാഷകളിലെ വലിയ ചിത്രങ്ങള്‍ ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് എത്തിയതെങ്കില്‍ ഒരു ദിവസം മുന്‍പെത്തിയത് ജയിലറിന് ഗുണമായി. തെന്നിന്ത്യയില്‍ ചിത്രത്തിന് മറ്റ് എതിരാളികളും ഉണ്ടായിരുന്നില്ല. തെലുങ്കില്‍ ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ വെള്ളിയാഴ്ച എത്തിയിരുന്നെങ്കിലും കാണികള്‍ തള്ളിക്കളഞ്ഞു. തെലുങ്ക് സംസ്ഥാനങ്ങളിലും വന്‍ ബോക്സ് ഓഫീസ് മുന്നേറ്റമാണ് രജനി ചിത്രം നടത്തിയത്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായക വേഷവും കേരളത്തിലെ കളക്ഷനെ ഗുണപരമായി സ്വാധീനിച്ച ഘടകങ്ങളാണ്.

ALSO READ : അച്ഛന്‍ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടന്‍? ദുല്‍ഖറിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക