കേരളത്തിന് പുറത്തും മികച്ച പ്രതികരണം

ഒരിടവേളയ്ക്കു ശേഷമാണ് തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് പ്രധാന ചിത്രങ്ങള്‍ എത്തുന്നത്. ഇതില്‍ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ് പൃഥ്വിരാജിനെയും (Prithviraj Sukumaran) സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ജന ഗണ മന (Jana Gana Mana). ആദ്യദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്. 

ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ചിത്രം മൂന്നു ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്നു മാത്രം നേടിയിരിക്കുന്നത് 5.15 കോടിയാണ്. 4.25 കോടിയാണ് നെറ്റ്. ഷെയര്‍ 2.49 കോടി. ചിത്രം കേരളത്തിന് പുറത്തുള്ള സെന്‍ററുകളിലും മികച്ച ബുക്കിംഗ് ആണ് നേടുന്നത്. അതേസമയം ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി ചിത്രം സിബിഐ 5 കൂടി എത്തിയത് ജന ഗണ മനയുടെ ഞായറാഴ്ച കളക്ഷനില്‍ പ്രതിഫലിക്കുമെങ്കിലും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച മൌത്ത് പബ്ലിസിറ്റി വരും ദിനങ്ങളില്‍ ചിത്രത്തെ തിയറ്ററുകളില്‍ പിടിച്ചുനിര്‍ത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Scroll to load tweet…

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. 2021 ജനുവരിയില്‍ പ്രോമോ പുറത്തെത്തിയ സമയത്തുതന്നെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

Scroll to load tweet…

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. അയ്യപ്പനും കോശിയും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, കലാസംവിധാനം ദിലീപ്നാഥ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്.