Asianet News MalayalamAsianet News Malayalam

വിതരണാവകാശം വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്; കേരളത്തില്‍ വര്‍ക്ക് ആയോ 'ജവാന്‍'? രണ്ടാഴ്ച കൊണ്ട് നേടിയ കളക്ഷന്‍

ശ്രീ ഗോകുലം മൂവീസ് ആണ് ജവാന്‍ കേരളത്തില്‍ എത്തിച്ചത്

jawan kerala and tamil nadu two week box office gross collection shah rukh khan sree gokulam movies nsn
Author
First Published Sep 20, 2023, 4:18 PM IST

ഇന്ത്യന്‍ സിനിമയില്‍ ജനപ്രീതിയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന നായകന്‍ ഷാരൂഖ് ഖാന്‍ ആണ്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് കരിയറില്‍ ദീര്‍ഘനാളത്തെ ഇടവേളയെടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷമെത്തിയ രണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്ക് കിട്ടിയ വരവേല്‍പ്പ് അത്രത്തോളം വലുതായിരുന്നു. ആദ്യമെത്തിയ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള ജവാന്‍ 1000 കോടിയുടെ പടിവാതില്‍ക്കല്‍ ആണ്. എന്നാല്‍ പഠാനെപ്പോലെ മൌത്ത് പബ്ലിസിറ്റിയില്‍ മുന്നില്‍ നിന്ന ചിത്രമല്ല ജവാന്‍. വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യദിനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പഠാന്‍റെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെയെത്തുന്ന കിംഗ് ഖാന്‍ ചിത്രമെന്ന നിലയില്‍ എല്ലാ മേഖലകളില്‍ നിന്നും റെക്കോര്‍ഡ് തുകയാണ് ചിത്രത്തിന് വിതരണാവകാശം വിറ്റ വകയില്‍ ലഭിച്ചത്. കേരളത്തിലും അത് അങ്ങനെതന്നെ ആയിരുന്നു.

മുന്‍പ് പല ഇതരഭാഷാ വിജയചിത്രങ്ങളും കേരളത്തിലെത്തിച്ച ശ്രീ ഗോകുലം മൂവീസ് ആണ് ജവാന്‍ കേരളത്തില്‍ എത്തിച്ചത്. എന്നാല്‍ കേരള റൈറ്റ്സിനൊപ്പം തമിഴ്നാട് റൈറ്റ്സും ഗോകുലം സ്വന്തമാക്കിയിരുന്നു. വന്‍ തുക മുടക്കി എന്നല്ലാതെ എത്ര മുടക്കി എന്നത് സംബന്ധിച്ച് ഔദ്യോഗികഭാഷ്യങ്ങളൊന്നും വന്നിട്ടില്ല. അതേസമയം രണ്ട് സംസ്ഥാനങ്ങളിലെയും റൈറ്റ്സിനായി 23 കോടിയാണ് ഗോകുലം മുടക്കിയിട്ടുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് ഇവിടെ ലഭിക്കുന്ന വലിയ തുകയാണ് അത്. ഈ മുടക്കുമുതലില്‍ നഷ്ടമുണ്ടാവാത്ത രീതിയില്‍ ചിത്രത്തിന് ഇവിടങ്ങളില്‍ കളക്ഷന്‍ വന്നോ? ഇതുവരെ ചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ എത്തുന്നുണ്ട്.

സെപ്റ്റംബര്‍ 7 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്നലെ 13 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്രയും ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയ ഗ്രോസ് കളക്ഷന്‍ 12.56 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. വിവിധ ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം കേരളത്തിലും തമിഴ്നാട്ടിലും നിന്നായി ആകെ 52- 55 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. അതായത് വിതരണക്കാരെ സംബന്ധിച്ച് ഗുണകരമായ ബോക്സ് ഓഫീസ് റിസല്‍ട്ട് ആണ് ഇത്. ആതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി എന്ന നാഴികക്കല്ല് ചിത്രം എന്ന് പിന്നിടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഹിന്ദി സിനിമാലോകം.

ALSO READ : 'ആടുജീവിതം പകുതി വരെയുള്ള സീനുകള്‍ കണ്ടു'; പൃഥ്വിരാജിന്‍റെ പ്രകടനത്തെക്കുറിച്ച് ബെന്യാമിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios