ഹോളിവുഡില്‍ സമീപകാലത്ത് 'ജോക്കറി'നോളം പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ഒരു ചിത്രമില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. 'ജോക്കര്‍' എന്ന പ്രതിനായക കഥാപാത്രത്തിന്റെ ജനപ്രീതി തന്നെയായിരുന്നു പ്രധാന കാരണം. 'ബാറ്റ്മാന്‍' സിരീസില്‍ പല കാലങ്ങളിലായി ഇറങ്ങിയ പല ചിത്രങ്ങളില്‍ പല നടന്മാര്‍ 'ജോക്കറി'നെ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ യുവതലമുറയില്‍ ആ കഥാപാത്രത്തിലൂടെ വലിയ സ്വാധിനമുണ്ടാക്കിയത് ഹീത്ത് ലെഡ്ജര്‍ എന്ന നടനാണ് (ദി ഡാര്‍ക് നൈറ്റ്-2008, സംവിധാനം ക്രിസ്റ്റഫര്‍ നോളന്‍). യുഎസ് പൊലീസ് പുതിയ 'ജോക്കറി'ന്റെ റിലീസിന് മുന്‍പേ ആശങ്കയറിയിച്ചിരുന്നു. കാരണമായത് നോളന്‍ തന്നെ സംവിധാനം ചെയ്ത് 2012ല്‍ പുറത്തെത്തിയ 'ദി ഡാര്‍ക് നൈറ്റ് റൈസസി'ന്റെ പ്രദര്‍ശനസമയത്ത് യുഎസിലെ ഔറോറയിലെ തീയേറ്ററിലുണ്ടായ വെടിവയ്പ്പാണ്. 12 പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു അന്ന്. പ്രതിനായകന്‍ പ്രധാന കഥാപാത്രമാവുന്ന പുതിയ 'ജോക്കര്‍' അത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കാരണമായാലോ എന്നായിരുന്നു യുഎസ് അധികൃതരുടെ ആശങ്ക. സിനിമ പ്രദര്‍ശിപ്പിക്കുന്ന യുഎസിലെ തീയേറ്ററുകള്‍ കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. ഇതുവരെ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. മാത്രമല്ല ആദ്യവാരാന്ത്യ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം വിജയമാവുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെ 73 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ബോക്‌സ് ഓഫീസ്

73 രാജ്യങ്ങളിലായി 22,552 തീയേറ്ററുകളിലാണ് ജോക്കര്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ മുടക്കുമുതലായി പുറത്തെത്തിയിട്ടുള്ള കണക്ക് 55 മില്യണ്‍ ഡോളര്‍ (390 കോടി ഇന്ത്യന്‍ രൂപ) ആണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിംഗ്, വിതരണ ചെലവുകള്‍ കൂട്ടാതെയുള്ള കണക്കാണ് ഇത്. റിലീസ് വാരാന്ത്യത്തില്‍ ചിത്രം യുഎസില്‍ നിന്ന് മാത്രം നേടിയത് 93.5 മില്യണ്‍ ഡോളറും (660 കോടി രൂപയ്ക്ക് മുകളില്‍). 4374 തീയേറ്ററുകളിലായിരുന്നു ചിത്രത്തിന്റെ യുഎസ് റിലീസ്. 392 ഐ മാക്‌സ് തീയേറ്ററുകളിലാണ് ചിത്രം യുഎസില്‍ റിലീസ് ചെയ്യപ്പെട്ടത്. അവിടുത്തെ ഐ മാക്‌സ് കളക്ഷന്‍ 7.5 മില്യണ്‍ ഡോളര്‍ ആണ്. 

അന്താരാഷ്ട്ര റിലീസ്, കളക്ഷന്‍

യുഎസ് ആഭ്യന്തര മാര്‍ക്കറ്റ് കൂടാതെ ഇന്ത്യയുള്‍പ്പെടെ 73 രാജ്യങ്ങളിലായി 22,552 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അവിടങ്ങളില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ നേടിയത് 140.5 മില്യണ്‍ ഡോളറാണ്. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് നേടിയതുള്‍പ്പെടെ ചിത്രത്തിന്റെ അഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 234 മില്യണ്‍ ഡോളര്‍ വരും. അതായത് 1661 കോടി ഇന്ത്യന്‍ രൂപ! മുടക്കുമുതലിന്റെ നാലിരട്ടിയില്‍ അധികം!