വാക്കീന്‍ ഫിനിക്‌സിനെ ടൈറ്റില്‍ കഥാപാത്രമാക്കി ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം 'ജോക്കറി'ന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും മികച്ച പ്രതികരണം. തീയേറ്റര്‍ കൗണ്ട് താരതമ്യേന കുറവായിരുന്നെങ്കിലും ഭേദപ്പെട്ട കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ചിത്രം ഇന്ത്യയില്‍നിന്ന് നേടിയ ഗ്രോസ് 29 കോടിയാണ്. നെറ്റ് ഏകദേശം 23 കോടിയും.

അതേസമയം ആഗോള മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. യുഎസ് ആഭ്യന്തര മാര്‍ക്കറ്റില്‍ 4374 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇത്രയും തീയേറ്ററുകളില്‍നിന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ നേടിയത് 93.5 മില്യണ്‍ ഡോളറായിരുന്നു (660 കോടി രൂപയ്ക്ക് മുകളില്‍). യുഎസിനെ 392 ഐമാക്‌സ് തീയേറ്ററുകളില്‍നിന്ന് 7.5 മില്യണ്‍ ഡോളറും ചിത്രം നേടി.

യുഎസ് ഒഴിച്ചുള്ള മറ്റ് 73 രാജ്യങ്ങളിലെ 22,552 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അവിടങ്ങളില്‍ നിന്ന് ആദ്യ വാരാന്ത്യം നേടിയത് 140.5 മില്യണ്‍ ഡോളര്‍. യുഎസ് ഉള്‍പ്പെടെ എല്ലാ ആഗോള സെന്ററുകളില്‍ നിന്നുമുള്ള വാരാന്ത്യ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 234 മില്യണ്‍ ഡോളര്‍ വരും, അതായക് 1661 കോടി ഇന്ത്യന്‍ രൂപ!