ജുറാസിക് വേൾഡ് ഫ്രാഞ്ചൈസിയുടെ ഏഴാമത്തെ ചിത്രം ജുറാസിക് വേൾഡ് റീബർത്ത് ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊച്ചി: ഹോളിവുഡിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ജുറാസിക് പാർക്കിന്‍റെ ഏഴാമത്തെ ചിത്രമായ ജുറാസിക് വേൾഡ് റീബർത്ത് ബോക്സ് ഓഫീസിൽ ഉഗ്രൻ തുടക്കം ലഭിക്കുമെന്ന് ട്രാക്കര്‍മാര്‍. ജൂലൈ 2-ന് ബുധനാഴ്ച അമേരിക്കയിൽ റിലീസ് ചെയ്ത ഈ ചിത്രം യുഎസ് സ്വാതന്ത്ര്യ ദിനമായ ജൂലൈ നാല്‍ ഉള്‍പ്പെടുന്ന അഞ്ച് ദിവസത്തെ ഓപ്പണിങ് വീക്കെൻഡിൽ 100 മുതൽ 125 മില്യൺ ഡോളർ വരെ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ 250 മില്യൺ ഡോളറിലധികം വരുമാനം ഈ ചിത്രം ആദ്യ വാരാന്ത്യത്തിൽ സ്വന്തമാക്കുമെന്ന് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റീവൻ സ്പിൽബർഗിന്റെ അംബ്ലിൻ പ്രൊഡക്ഷനും യൂണിവേഴ്സൽ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 180 മില്യൺ ഡോളറിന്റെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
എന്നാൽ ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നതനുസരിച്ച് ചിത്രത്തിന്‍റെ ബജറ്റ് 225 മില്യൺ ഡോളർ വരെയാകാമെന്നും സൂചനയുണ്ട്. ഈ ബജറ്റ് തിരിച്ചുപിടിക്കാൻ 360 മുതൽ 400 മില്യൺ ഡോളർ വരെ ആഗോള ബോക്സ് ഓഫീസിൽ ജുറാസിക് വേള്‍ഡ് റീബെര്‍ത്ത് നേടേണ്ടതുണ്ട്, ഇത് ഈ ഫ്രാഞ്ചൈസിയുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ സാധ്യമാണ് എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്‌ലി എന്നിവർ മുഖ്യകഥാപാത്രങ്ങലായി വരുന്ന ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ്. ഈ ചിത്രത്തിന്‍റെ ടൈം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.
റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗാരെത് എഡ്വേർഡ്സാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ ജുറാസിക് പാർക്ക് തിരക്കഥാകൃത്തായ ഡേവിഡ് കോപ്പാണ്.
നിരൂപകരിൽ നിന്ന് ജുറാസിക് വേൾഡ് റീബർത്ത് മിശ്രിതമായ പ്രതികരണങ്ങളാണ് നേടിയിട്ടുള്ളത്. റോട്ടൻ ടൊമാറ്റോസിൽ 54% റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്, ഇത് മുൻ ജുറാസിക് വേൾഡ് ചിത്രങ്ങളെ അപേക്ഷിച്ച് താഴ്ന്നതാണ്. എന്നിരുന്നാലും വെറൈറ്റിയുടെ മുഖ്യ ചലച്ചിത്ര നിരൂപകനായ പീറ്റർ ഡെബ്രൂജ്, ഈ ചിത്രം മുൻ ജുറാസിക് വേള്‍ഡ് ചിത്രങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നു.


