ദീപാവലി റിലീസുകളായി ഒരുമിച്ച് തീയേറ്ററുകളിലെത്തിയ തമിഴ് ചിത്രങ്ങളാണ് വിജയ് നായകനായ ആറ്റ്‌ലി ചിത്രം 'ബിഗിലും' കാര്‍ത്തി നായകനായ ലോകേഷ് കനകരാജ് ചിത്രം 'കൈതി'യും. റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണത്തിലോ പ്രീ റിലീസ് ഹൈപ്പിലോ വിജയ് ചിത്രത്തോളം വരില്ലെങ്കിലും റിലീസിന് ശേഷം മൗത്ത് പബ്ലിസിറ്റിയില്‍ മിന്നിലെത്തിയത് കാര്‍ത്തി ചിത്രമാണ്. ഇനിഷ്യല്‍ കളക്ഷനില്‍ മറ്റ് മാര്‍ക്കറ്റുകളെപ്പോലെ കേരളത്തിലും ബിഗില്‍ ബഹുദൂരം മുന്നിലായിരുന്നുവെങ്കില്‍ പിന്നിട്ട ദിവസങ്ങളില്‍ കൈദിയും നേട്ടമുണ്ടാക്കി. ഇപ്പോഴിതാ ചിത്രം ആദ്യവാരം പിന്നിട്ടപ്പോള്‍ ആദ്യ ഏഴ് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ ഒഫിഷ്യല്‍ ആയി പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ വിതരണക്കാരായ സ്‌ട്രെയ്റ്റ്‌ലൈന്‍ സിനിമാസും ഗ്രേമോങ്ക് പിക്ചേഴ്‍സുമാണ് കേരളത്തില്‍ നിന്ന് കൈതി ആദ്യവാരം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 5.26 കോടി രൂപയാണ് ചിത്രം ഏഴ് ദിനങ്ങളില്‍ നേടിയിരിക്കുന്നതെന്ന് വിതരണക്കാര്‍ പറയുന്നു. ബിഗിലിന്റെ കേരളത്തിലെ കളക്ഷന്‍ ഒഫിഷ്യലായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് ആണ് വിജയ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്.

ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാം ചിത്രമാണ് കൈദി. 2017ല്‍ പുറത്തെത്തിയ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. അതേസമയം ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ആണ് നായകന്‍. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം 2020 ഏപ്രില്‍ ഒന്‍പതിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.