മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ 'കളങ്കാവല്‍' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നു.
മലയാളി സിനിമാപ്രേമികള്‍ സമീപകാലത്ത് ഏറ്റവും കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു കളങ്കാവല്‍. മമ്മൂട്ടിയുടെ പ്രതിനായക വേഷമായിരുന്നു അതിന്‍റെ പ്രധാന കാരണം. ഒപ്പം നായകനായി വിനായകന്‍ എത്തുന്നു എന്നതും. ക്രൈം ഡ്രാമ ഗണത്തില്‍ പെട്ട ചിത്രത്തിലൂടെ മറ്റൊരു നവാഗത സംവിധായകനെക്കൂടി മമ്മൂട്ടി മലയാള സിനിമയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജിതിന്‍ കെ ജോസ് ആണ് ആ സംവിധായകന്‍. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യ ഷോകള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകളിലേക്ക് ജനം ഇരച്ചെത്തുന്ന നിലവിലെ ട്രെന്‍ഡ് കളങ്കാവലിലും തുടരുകയാണ്. ആദ്യദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രം ശനിയാഴ്ചത്തെ കളക്ഷനിലും അത്ഭുതപ്പെടുത്തുകയാണ്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 15.7 കോടി ആയിരുന്നു. രണ്ടാം ദിനം അതിനെ മറികടക്കുന്ന കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രാക്കര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ആദ്യ കണക്കുകള്‍ അനുസരിച്ച് ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 32 മുതല്‍ 35 കോടി വരെയാണ്. കേരളമുള്‍പ്പെടെ റിലീസ് ചെയ്യപ്പെട്ട എല്ലാ മാര്‍ക്കറ്റുകളിലും ചിത്രം ഒരുപോലെ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ജിസിസിയിലാണ് ഏറ്റവും പ്രേക്ഷകാവേശം ദൃശ്യമാവുന്നത്.
അതേസമയം ഞായറാഴ്ചത്തെ കളക്ഷനിലും ചിത്രം അത്ഭുതം കാട്ടുമെന്ന് ഉറപ്പാണ്. ഇന്നത്തെ കളക്ഷനോടെ ചിത്രം 50 കോടിക്ക് അടുത്തെത്തുമെന്ന് ഉറപ്പാണ്. ഇനി ഞായറാഴ്ചയോടെ 50 കോടി കടന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രാക്കര്‍മാരുടെ നിരീക്ഷണം. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.



