കന്നഡ ചിത്രം കാന്താര: ചാപ്റ്റർ 1 കേരളത്തിൽ വൻ ബോക്സ് ഓഫീസ് വിജയം നേടുന്നു. ആദ്യ നാല് ദിവസം കൊണ്ടുതന്നെ ഞെട്ടിക്കുന്ന കളക്ഷന്‍

മറുഭാഷയിലെ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് എപ്പോഴും മിനിമം ഗ്യാരന്‍റിയുള്ള മാര്‍ക്കറ്റ് ആണ് കേരളം. അത് ബാഹുബലി ആയാലും പുഷ്പ ആയാലും കെജിഎഫ് ആയാലും ലിയോ ആയാലുമൊക്കെ ഇവിടെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത്തരത്തില്‍ കേരളത്തില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരുന്നു 2022 ല്‍ പുറത്തെത്തിയ കന്നഡ ചിത്രം കാന്താര. ഇപ്പോഴിതാ അതിന്‍റെ തുടര്‍ച്ചയായി എത്തിയിരിക്കുന്ന പ്രീക്വല്‍ കാന്താര: ചാപ്റ്റര്‍ ഒന്നും മറ്റ് മാര്‍ക്കറ്റുകള്‍ക്കൊപ്പം കേരളത്തിലും വലിയ പ്രേക്ഷകപ്രീതി നേടുകയാണ്. തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന് ആദ്യദിനം തന്നെ അഭിപ്രായം നേടിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ അക്ഷരാര്‍ഥത്തില്‍ തിയറ്ററുകള്‍ ജനസമുദ്രങ്ങളാക്കി. അത് ബോക്സ് ഓഫീസില്‍ എത്രത്തോളം പ്രതിഫലിച്ചു എന്നത് സംബന്ധിച്ച കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തിയിട്ടുണ്ട്.

റിലീസ് ദിനമായ ഒക്ടോബര്‍ 2 വ്യാഴാഴ്ച ചിത്രം കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് 6.05 കോടി ആയിരുന്നു. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 5.69 കോടിയും ചിത്രം നേടി. എന്നാല്‍ ഞായറാഴ്ച അതിനേക്കാളൊക്കെ മുകളില്‍, റിലീസ് ദിനത്തേക്കാള്‍ അധികമാണ് ചിത്രം നേടിയിരിക്കുന്നത്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 6.66 കോടിയാണ് ചിത്രത്തിന്‍റെ ഞായറാഴ്ചത്തെ കളക്ഷന്‍. അങ്ങനെ ആദ്യ നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 22.86 കോടിയാണ്. രണ്ട് നേട്ടങ്ങളാണ് ഇതിലൂടെ ചിത്രം സ്വന്തമാക്കുന്നത്. ഒന്ന് 2022 ല്‍ പുറത്തെത്തിയ കാന്താരയുടെ കേരള ലൈഫ് ടൈം ഇതിനകം തന്നെ ചിത്രം മറികടന്നിട്ടുണ്ട്. മറ്റൊന്ന് ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മറുഭാഷാ ചിത്രം എന്ന റെക്കോര്‍ഡ് ഇന്ന് ചിത്രത്തിന് സ്വന്തമാവും.

നിലവില്‍ രജനികാന്തിന്‍റെ തമിഴ് ചിത്രം കൂലിയുടെ പക്കലുള്ള റെക്കോര്‍ഡ് ആണ് അത്. എന്നാല്‍ ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം കൂലിയുടെ കേരള ലൈഫ് ടൈം കളക്ഷന്‍ 24.80 കോടി ആയിരുന്നു. ഇന്നത്തെ കളക്ഷനോടെ കാന്താര 1 ഇതിനെ മറികടന്ന് ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മറുഭാഷാ ചിത്രമാവും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. ചിത്രത്തിന്‍റെ കൈരളത്തിലെ ലൈഫ് ടൈം ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. കെജിഎഫ് 2 ന് ശേഷം കേരളത്തില്‍ നിന്ന് 50 കോടി നേടുന്ന ആദ്യ കന്നഡ ചിത്രമായേക്കും കാന്താര 1 എന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം. ഇതിനാണ് സാധ്യതയും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്