തന്‍റെ പുതിയ ചിത്രമായ 'സിതാരെ സമീന്‍ പറി'ന് ലഭിച്ച 120 കോടിയുടെ ഒടിടി ഓഫര്‍ നിരസിച്ച്, പേ പെര്‍ വ്യൂ മാതൃകയില്‍ യൂട്യൂബില്‍ റിലീസ് ചെയ്തതിനെക്കുറിച്ച് ആമിര്‍ ഖാന്‍. ഈ പുതിയ പരീക്ഷണത്തില്‍ വന്ന വരുമാനത്തെക്കുറിച്ചും ആമിര്‍

ഉള്ളടക്കത്തില്‍ മാത്രമല്ല, ഒരു വ്യവസായമെന്ന നിലയ്ക്കും സിനിമയില്‍ പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് ആമിര്‍ ഖാന്‍. താന്‍ നിര്‍മ്മാതാവ് കൂടിയായ ഒടുവിലത്തെ ചിത്രം സിതാരെ സമീന്‍ പറിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ബിസിനസില്‍ ആമിര്‍ ഒരു പുതിയ ചുവടുവെപ്പ് തന്നെ നടത്തിയിരുന്നു. വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടുകൂടി ചിത്രം ഒടിടിക്ക് നല്‍കാതെ തിയറ്റര്‍ റിലീസിന് ശേഷം യുട്യൂബില്‍ റിലീസ് ചെയ്യുകയായിരുന്നു ആമിര്‍ ഖാന്‍. കാണുന്നതിന് പണം നല്‍കുന്ന പേ പെര്‍ വ്യൂ മാതൃകയിലായിരുന്നു ചിത്രത്തിന്‍റെ യുട്യൂബ് സ്ട്രീമിംഗ്. ഒടിടിയില്‍ നിന്ന് ലഭിച്ച വലിയ ഡീല്‍ ഒഴിവാക്കി യുട്യൂബില്‍ റിലീസ് ചെയ്ത നീക്കം ഗുണകരമായോ? അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ അതേക്കുറിച്ച് മനസ് തുറന്നു.

ഒടിടിയില്‍ 120 കോടിയുടെ ഓഫര്‍ ലഭിച്ച ചിത്രമായിരുന്നു സിതാരെ സമീന്‍ പര്‍. “വല്ലാതെ പ്രലോഭിപ്പിക്കുന്ന ഒരു ഓഫര്‍ ആയിരുന്നു അത്. എന്നാല്‍ ഇത്തരം ഡീലുകളുടെ ഒരു പ്രശ്നം എന്താണെന്നുവെച്ചാല്‍ നിര്‍മ്മാതാവ് എന്ന നിലയിലുള്ള റിസ്ക് ഞാന്‍ വഹിച്ചുകൊണ്ട് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നതുപോലെയാണ്. അതില്‍ നിന്ന് മാറണമെന്ന് എനിക്ക് ശക്തമായി തോന്നിയിരുന്നു. ചലച്ചിത്ര വ്യവസായത്തിന്‍റെ തിരിച്ചുവരവിനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി”, ആമിര്‍ പറയുന്നു.

സിതാരെ സമീന്‍ പര്‍ തിയറ്ററുകളിലെത്തി ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ആമിര്‍ ഖാന്‍ ടോക്കീസ് എന്ന യുട്യൂബ് ചാനലിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. യുട്യൂബിലൂടെ ചിത്രം നേടിയ ബിസിനസിനെക്കുറിച്ചുള്ള ചോദ്യത്തിന് ആമിര്‍ ഇങ്ങനെ പ്രതികരിക്കുന്നു- “അതിലൂടെ ലഭിച്ച ബിസിനസിന്‍റെ കൃത്യം തുക എനിക്ക് പറയാനാവില്ല. കാരണം അത് അവരുടെ പോളിസിയാണ്. അതിനെ ഞാന്‍ ബഹുമാനിക്കേണ്ടതുണ്ട്. ഒരു കാര്യം ഞാന്‍ പറയാം. പേ പെര്‍ വ്യൂ സമ്പ്രദായം ഇന്ത്യയില്‍ അതിന്‍റെ ശൈശവദശയിലാണ്. അതിലൂടെ സാധാരണ ഇവിടെ ഉണ്ടാവുന്ന ബിസിനസിന്‍റെ 20 മടങ്ങ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഒടിടി ഡീലില്‍ വേണ്ടെന്നുവെച്ച 125 കോടിയുടെ മൂല്യത്തിലേക്ക് അത് എത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം”. എന്നാല്‍ ഒടിടി റിലീസിലേക്കുള്ള സിനിമകളുടെ വിന്‍ഡോ വളരെ ചെറുതാണെന്നും ദീര്‍ഘകാലത്തെ ഒരു പ്ലാന്‍ എന്ന നിലയില്‍ അത് ചലച്ചിത്ര വ്യവസായത്തിന് നല്ലതല്ലെന്നും ആമിര്‍ പറയുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming