ഹൊംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രം എല്ലാ ഭാഷകളിലും, റിലീസ് ചെയ്യപ്പെട്ട എല്ലാ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കാന്താര: ചാപ്റ്റര്‍ വണ്ണിനോളം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ മറ്റൊരു ചിത്രമില്ല. ഭാഷാഭേദമന്യെ ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. പ്രതീക്ഷയുടെ അമിതഭാരവുമായെത്തിയ ചിത്രം ഭൂരിഭാഗം പ്രേക്ഷകരുടെയും ആഗ്രഹങ്ങള്‍ക്കൊത്ത് ഉയര്‍ന്നപ്പോള്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കിലുക്കമാണ്. റിലീസ് ദിനം മുതല്‍ ഇന്നുവരെ അതില്‍ മാറ്റമേതുമില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ ഒഫിഷ്യല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ്. രണ് ആഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒക്ടോബര്‍ 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒക്ടോബര്‍ 15 വരെയുള്ള കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 717.50 കോടി ആണെന്നാണ് ഹൊംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്. 125 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ഏത് നിര്‍മ്മാതാവും ആഗ്രഹിക്കുന്ന ബോക്സ് ഓഫീസ് സംഖ്യകളിലാണ് ഇതിനകം തന്നെ ചിത്രം. പ്രതിദിന ആവറേജ് നോക്കുമ്പോള്‍ത്തന്നെ 50 കോടിക്ക് മുകളിലാണ് (51.25 കോടി). ദീപാവലി റിലീസുകള്‍ മൂന്നാം വാരാന്ത്യ കളക്ഷനെ ബാധിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ട്രേഡ് അനലിസ്റ്റുകള്‍. എന്നാല്‍ ഇത്ര വലിയ ഹൈപ്പുമായി ഒരു ചിത്രവും ദീപാവലിക്ക് എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനില്‍ കാന്താര ചാപ്റ്റര്‍ 1 നേരത്തേ എത്തിയിരുന്നു. ബോളിവുഡ് ചിത്രം ഛാവയാണ് ലിസ്റ്റില്‍ ഒന്നാമത്. 808 കോടിയാണ് ഛാവയുടെ ലൈഫ് ടൈം ആഗോള ഗ്രോസ്. ഇപ്പോഴത്തെ പോക്കുവച്ച് കാന്താര അതിനെ മറികടക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. കന്നഡ ഒറിജിനലിന് പുറമെ മറ്റ് നാല് ഭാഷകളിലും ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും എല്ലാ മാര്‍ക്കറ്റുകളിലും ഒരേപോലെ സ്വീകാര്യത നേടുക എന്ന അപൂര്‍വ്വതയുടേത് കൂടിയാണ് ഈ വിജയം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 155.7 കോടി വരും. ഈ വര്‍ഷം വിജയങ്ങള്‍ കുറവായിരുന്ന കന്നഡ സിനിമയെ സംബന്ധിച്ച് വലിയ കുതിപ്പാണ് കാന്താര ചാപ്റ്റര്‍ 1 പകര്‍ന്നിരിക്കുന്നത്.

