ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1. ബാഹുബലി 2, പുഷ്പ 2, കെജിഎഫ് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍
സിനിമകള്‍ ഭാഷാഭേദമില്ലാതെ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കാണുന്ന കാലമാണിത്. ഒരുകാലത്ത് ബോളിവുഡ് ചിത്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ കാണപ്പെട്ടതെങ്കില്‍ ഇന്ന് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ആ സ്വീകരണം ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. എസ് എസ് രാജമൌലിയുടെ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സ്വീകാര്യതയാണ് അത്. ഇന്ന് അത് കാന്താര ചാപ്റ്റര്‍ 1 വരെ എത്തിനില്‍ക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ കാന്താര റിലീസിന് ശേഷവും ആ പ്രേക്ഷകപ്രീതി നിലനിര്‍ത്തി. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം പല റെക്കോര്‍ഡുകളും സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു എലൈറ്റ് ക്ലബ്ബിലേക്കും ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.
ഇന്ത്യയില്‍ നിന്ന് മാത്രം നെറ്റ് കളക്ഷനില്‍ 500 കോടി മറികടക്കുന്ന ചിത്രമായിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ 1. ഈ നേട്ടം സ്വന്തമാക്കുന്ന 12-ാം ചിത്രമാണ് കാന്താര. രാജമൌലിയുടെ ബാഹുബലി 2 ആണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. എന്നാല്‍ 500 കോടിയിലൊന്നും നില്‍ക്കാതെ ഇന്ത്യയില്‍ നിന്ന് 1030.42 കോടി നെറ്റ് കളക്ഷന്‍ നേടിയിരുന്നു ഈ ചിത്രം. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ മറ്റ് 10 ചിത്രങ്ങള്‍ കൂടി ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
പുഷ്പ 2, കെജിഎഫ് 2, ആര്‍ആര്‍ആര്‍, കല്‍കി 2898 എഡി, ജവാന്‍, ഛാവ, സ്ത്രീ 2, അനിമല്‍, പഠാന്‍ എന്നിവയാണ് ഇന്ത്യയില്‍ നെറ്റ് കളക്ഷനില്‍ 500 കോടിക്ക് മുകളില്‍ നേടിയ മറ്റ് ചിത്രങ്ങള്‍. പുഷ്പ 2 ആണ് ഈ പട്ടികയില്‍ ഒന്നാമത്. 1234.1 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ ബോക്സ് ഓഫീസ് നെറ്റ്. രണ്ടാമതാണ് ബാഹുബലി 2.
കെജിഎഫ് 2 ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 859.7 കോടിയാണ്. ആര്‍ആര്‍ആര്‍ 782.2 കോടി, കല്‍ക്കി 646.31 കോടി, ജവാന്‍ 640.25 കോടി, ഛാവ 601.54 കോടി, സ്ത്രീ 2 597.99 കോടി, അനിമല്‍ 553.87 കോടി, പഠാന്‍ 543.09 കോടി, ഗദര്‍ 2- 525.7 കോടി എന്നിങ്ങനെയാണ് ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങളുടെ ഇന്ത്യന്‍ നെറ്റ്. 506.25 കോടിയാണ് കാന്താര ചാപ്റ്റര്‍ 1 ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍.

