വിജയകരമായി തിയറ്ററുകളിൽ തുടരവെയാണ് കാന്താര ചാപ്റ്റർ 1 ഒടിടിയിൽ എത്തിയത്.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു കാന്താര ചാപ്റ്റര്‍ 1. 2022 ല്‍ പുറത്തെത്തിയ കാന്താര നേടിയ ഭാഷാതീതമായ വിജയം തന്നെയാണ് അതിലും വലിയ കാന്‍വാസില്‍ ഒരുങ്ങിയ അതിന്‍റെ പ്രീക്വലിന് വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്തത്. എന്തിനേറെ, ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍പ്പോലും ചിത്രം പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു. അത്തരത്തിലുള്ള പ്രതീക്ഷാഭാരവുമായി എത്തിയ ചിത്രത്തിന് പക്ഷേ ആ പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കാന്‍ സാധിച്ചു. അത് ഓപണിംഗ് കളക്ഷന്‍ മുതലിങ്ങോട്ട് ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചും തുടങ്ങി. ആഴ്ചകള്‍ക്കിപ്പുറവും മികച്ച ഒക്കുപ്പന്‍സിയുമായി തിയറ്ററുകളില്‍ തുടരുമ്പോഴായിരുന്നു ചിത്രത്തിന്‍റെ അതിവേഗത്തിലുള്ള ഒടിടി റിലീസ്. ഒടിടിയില്‍ ചിത്രത്തിന് അടിപതറിയോ? ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷമുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ എങ്ങനെയെന്ന് നോക്കാം.

ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒടിടിയില്‍ എത്തിയത് ഒക്ടോബര്‍ 31 ന് ആയിരുന്നു. അതായത് തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിനത്തില്‍. വന്‍ കളക്ഷന്‍ അപ്പോഴും വന്നുകൊണ്ടിരുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരുന്നു അത്. എന്നാല്‍ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിനെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത ഒന്നുമായിരുന്നു അത്. മൂന്ന് വര്‍ഷം മുന്‍പ് ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് ഒടിടി റിലീസ് നേരത്തെ ആയതെന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 31 ന് എത്തിയത്. ഹിന്ദി പതിപ്പ് ഇനിയും എത്തിയിട്ടില്ല.

ഒടിടി റിലീസ് കളക്ഷനെ ബാധിച്ചുവെന്ന് ഉറപ്പാണ്. എന്നാലും ചിത്രം പിന്നീടും കളക്റ്റ് ചെയ്തിട്ടുണ്ട്, വിശേഷിച്ചും ഹിന്ദി പതിപ്പ്. ഒടിടി റിലീസിന് ശേഷം ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 9.21 കോടിയാണ്. കന്നഡ പതിപ്പ് 4.43 കോടിയും നേടി. എന്നാല്‍ മലയാളം അടക്കമുള്ള മറ്റ് ഭാഷാ പതിപ്പുകള്‍ പിന്നീടിങ്ങോട്ട് കാര്യമായി കളക്റ്റ് ചെയ്തിട്ടില്ല. തമിഴ് പതിപ്പ് 1.06 കോടിയും തെലുങ്ക് പതിപ്പ് 28 ലക്ഷവും മലയാളം പതിപ്പ് 22 ലക്ഷവുമാണ് ഒടിടി റിലീസിന് ശേഷം നേടിയത്. എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് കാന്താര ചാപ്റ്റര്‍ 1 ഒടിടി റിലീസിന് ശേഷം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 15.2 കോടിയാണ്. കളക്ഷന്‍ ഇടിഞ്ഞുവെന്നത് ശരിയാണെങ്കിലും ഒടിടിക്ക് ശേഷം ഒരു ചിത്രം ഇത്രയും നേടുന്നത് അപൂര്‍വ്വമാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്