വലിയ പ്രതീക്ഷകളോടെയെത്തിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര എ ലെജൻഡ്- ചാപ്റ്റർ 1' ആദ്യ ദിനം മികച്ച പ്രതികരണം നേടി. ഹൊംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
ആദ്യ ഭാഗം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് നേടിയ വലിയ സ്വീകാര്യത കാരണം രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളുടെ ഒരേപോലെയുള്ള കാത്തിരിപ്പ് നേടിയ ചില ചിത്രങ്ങളുണ്ട്. ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ ചിത്രങ്ങളൊക്കെ ആ നിരയില്‍ വരും. കന്നഡ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യ റിലീസ് ആയി ഇന്നലെ എത്തിയ കാന്താര രണ്ടാം ഭാഗമായ കാന്താര എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 എന്ന ചിത്രവും ആ ലീഗില്‍ വരും. പ്രതീക്ഷയുടെ അമിതഭാരവും പേറിയെത്തുന്ന തുടര്‍ച്ചകള്‍ നേരിടുന്ന ആദ്യ കടമ്പ, പ്രേക്ഷകരുടെ ആദ്യ പ്രതികരണം, മികച്ച രീതിയില്‍ പോസിറ്റീവ് അഭിപ്രായങ്ങളോടെ ചിത്രം മറികടന്നിരുന്നു. എന്നാല്‍ ഓപണിംഗില്‍ എത്രത്തോളം മുന്നേറ്റമുണ്ടാക്കി ചിത്രം? ഇപ്പോഴിതാ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കാന്താര ചാപ്റ്റര്‍ 1 ആദ്യദിനം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 60 കോടി രൂപയാണ്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. ഏരിയകള്‍ തിരിച്ചുള്ള കളക്ഷന്‍ കണക്കുകള്‍ പിന്നാലെ എത്തും. അഡ്വാന്‍സ് ബുക്കിംഗില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും ആവേശകരമായ പ്രതികരണങ്ങള്‍ നേടിയ ചിത്രമാണിത്. അതിനാല്‍ത്തന്നെ ആദ്യ ഷോകള്‍ക്ക് അപ്പുറം ലഭിക്കുന്ന പ്രതികരണങ്ങള്‍ പോസിറ്റീവ് ആവുന്നപക്ഷം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രവുമാണ് ഇത്. അത് ഏതൊക്കെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
സു ഫ്രം സോ അടക്കം പ്രേക്ഷക സ്വീകാര്യത നേടിയ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രം ഈ വര്‍ഷം ഉള്ള കന്നഡ സിനിമയെ സംബന്ധിച്ച് വലിയ ആവേശമാണ് കാന്താര 1 പകര്‍ന്ന് കൊടുക്കുന്നത്. കേരളം അടക്കമുള്ള മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ഋഷഭ് ഷെട്ടിയും സംഘവും ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്.



