ഇന്ന് റിലീസായ സിനിമ അതിഗംഭീര പോസിറ്റീവ് അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്, കാന്താര 2 ചാപ്റ്റർ വണ്ണിന്റെ റിവ്യൂ വായിക്കാം.

വലിയ പ്രതീക്ഷകളോടെയാണ് കാന്താര ചാപ്റ്റർ വൺ തിയറ്ററുകളിലെത്തിയത്. 2022 ൽ റിലീസായ കാന്താരയുടെ രണ്ടാം ഭാഗമായാണ് സിനിമ റിലീസായതെങ്കിലും കഥാപരമായി ആദ്യ കാന്തരയുടെ പ്രീക്വലാണ് ഈ സിനിമ. എന്താണ് ശരിക്കും ഈ കാന്താരക്ക് പിന്നിലെ മിത്ത് ? പഞ്ചുരുളിയും ഗുളികനും എങ്ങനെയാണ് ആ പ്രദേശത്തെ ജനങ്ങളുടെ ആരാധന മൂർത്തികളായത്? അങ്ങനെ കാന്താരയുടെ ആദ്യ ഭാഗം കാണുമ്പോൾ ഒരു സാധാരണ പ്രേക്ഷകന് തോന്നാവുന്ന കൗതുകം നിറഞ്ഞ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമാണ് ഈ രണ്ടാം ഭാഗം.

സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി കാന്താരയുടെ ആദ്യ ഭാഗത്തെ വച്ച് നോക്കുമ്പോൾ പത്തിരട്ടിയാണ്. ബ്രഹ്മാണ്ഡ സെറ്റുകൾ, കൃത്യമായ ഇടവേളകളിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, കാണുന്ന പ്രേക്ഷകനെ മടുപ്പിക്കാത്ത വി എഫ് എക്സ് രംഗങ്ങൾ കൂടാതെ ഓരോ സീനിന്റെയും വൈകാരിക തലം പ്രക്ഷകരിലേക്കെത്തിക്കുന്ന മികച്ച പശ്ചാത്തല സംഗീതം, ഋഷഭ് ഷെട്ടി , ജയറാം, രുക്മിണി വസന്ത് എന്നിവരുടെ ശക്തമായ പ്രകടനങ്ങൾ എന്നിവയെ കൊണ്ട് ഒരു ഗംഭീര തിയറ്റർ എക്സ്പീരിയൻസാണ് സിനിമ നൽകുന്നത്.

പഞ്ചുരുളിയെയും ഗുളികനെയും കൂടാതെ പുതിയൊരു നാടോടി മിത്തിനെക്കൂടി സിനിമ പരിചയപ്പെടുത്തുന്നുണ്ട്.കാന്തരയുടെ ആദ്യ ഭാഗത്തിൽ നിന്ന് വിഭിന്നമായി ഇവിടെ ഋഷഭിനോടൊപ്പം കഥയിൽ പ്രാധാന്യമുള്ള കുറച്ചധികം കഥാപാത്രങ്ങൾ സിനിമയിലുണ്ട്.കാടിനെ കാത്തുരക്ഷിക്കുന്നതിന്റെയും പ്രകൃതിയുമായി ചേർന്ന് ജീവിക്കുന്നതിന്റെയും പ്രാധാന്യം തന്നെയാണ് ഈ ഭാഗത്തിലും കാന്താരയുടെ പ്രധാന വിഷയം.

സിനിമയിൽ ഋഷഭ് ഷെട്ടിയുടെ 'ഗുളികൻ' ദേഹത്ത് കയറുമ്പോളുള്ള സീനുകൾ തിയറ്ററിൽ വലിയ ഓളമാണ് സൃഷ്ട്ടിക്കുന്നത്. ഋഷഭ് കഥാപാത്രത്തിനായി ഉണ്ടാക്കിയെടുത്ത ഒരു കാടൻ യോദ്ധാവിന്റെ മെയ്‌വഴക്കവും ആകാര വലുപ്പവും ആ കഥാപാത്രത്തെ കൂടുതൽ വിശ്വാസയോഗ്യമാക്കി മാറ്റിയിട്ടുണ്ട്. മറ്റ് ഭാഷകളിൽഅഭിനയിക്കുമ്പോൾ ജയറാമിന് കിട്ടുന്ന സ്ഥിരം 'വേദനിക്കുന്ന കോടീശ്വരനായ അച്ഛൻ' വേഷങ്ങളിൽ നിന്നുള്ള മോചനം കൂടിയാണീ സിനിമ. ജയറാം എന്ന നടനെ സമീപ സിനിമകളിൽ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയാണ് കാന്താര ചാപ്റ്റർ വൺ. ഒരു രാജകുമാരിയായ നായികയുടെ ക്ലിഷെകൾ പിന്തുടരാത്ത നായികയുടെ കഥാപാത്ര നിർമിതിയും അത് രുക്മിണി വസന്ത് അവതരിപ്പിച്ച വിധവും അഭിനന്ദനം അർഹിക്കുന്നു.സമാനകളില്ലാത്ത കൈയടക്കമാണ് ഒരു കൊമേർഷ്യൽ എന്റെർറ്റൈനെർ ഒരുക്കുന്നതിൽ റിഷഭ് ഷെട്ടി കാഴ്ചവെച്ചിരിക്കുന്നത്.

ഋഷഭ് ഷെട്ടി പ്രതീക്ഷ തെറ്റിച്ചില്ല, കാന്താര 2 ഏറ്റെടുത്ത് പേക്ഷകർ|Kantara Chapter 1 Theatre Response

കാന്തരയുടെ ആത്മാവ്

അരവിന്ദ് കശ്യപിന്റെ ഫ്രെയിംസ് കാടിന്റെ വന്യതയും രാജകൊട്ടാരത്തിന്റെ പ്രൗഢിയും എടുത്തു കാണിക്കുന്നുണ്ട്‌.കാന്താര സീരീസിന്റെ ആത്മാവ് അജനെഷ് ലോകനാഥിന്റെ പശ്ചാത്തല സംഗീതമാണ്.ഈ ഭാഗത്തിലേക്ക് വരുമ്പോൾ സിനിമയെ മൊത്തത്തിൽ ഡിവൈനായ ഒരു ട്രാൻസ് എക്സ്പീരിയൻസിലേക്കാണ് 'വരാഹ രൂപം' എന്ന മ്യൂസിക്കൽ ട്രാക്ക് കൊണ്ടുചെന്നെത്തിക്കുന്നത്.കാന്താര സീരിസിലെ മൂന്നാം ഭാഗത്തെ പറ്റിയുള്ള ഒരു സൂചന നൽകിക്കൊണ്ടാണ് ഈ ഭാഗം അവസാനിക്കുന്നത്.