Asianet News MalayalamAsianet News Malayalam

ഹിന്ദി മൊഴിമാറ്റ പതിപ്പുകളില്‍ ഏഴാം സ്ഥാനത്ത്; എക്കാലത്തെയും ഹിറ്റുകളുടെ നിരയിലേക്ക് 'കാന്താര'

ആഗോള ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ചിത്രം നേടുന്നത്

kantara hindi version box office collection 50 crore club rishab shetty hombale films
Author
First Published Nov 5, 2022, 10:27 AM IST

കെജിഎഫിനു ശേഷം കന്നഡ ഭാഷയില്‍ നിന്നുള്ള വിസ്‍മയ വിജയമായ കാന്താര മറുഭാഷാ പതിപ്പുകളിലും ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. സെപ്റ്റംബര്‍ 30 ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷകശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്. ഇതില്‍ ഹിന്ദി പതിപ്പ് ഇപ്പോഴിതാ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. തിയറ്ററുകളില്‍ മൂന്ന് വാരങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്‍റെ നേട്ടം.

മറുഭാഷാ ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകളില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ ലിസ്റ്റിലേക്കും കാന്താര ഇടംപിടിച്ചിട്ടുണ്ട്. ബാഹുബലി 2, കെജിഎഫ് 2, ആര്‍ആര്‍ആര്‍, 2 പോയിന്‍റ് സിറോ, ബാഹുബലി, പുഷ്പ എന്നീ ചിത്രങ്ങളുള്ള ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് കാന്താര. കെജിഎഫ് ചാപ്റ്റര്‍ 1 നെ ചിത്രം മറികടന്നിരുന്നു. ആഗോള ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ചിത്രം നേടുന്നത്. അമേരിക്കയില്‍ ചിത്രം ഇതിനകം നേടിയത് 1.5 മില്യണ്‍ ഡോളര്‍ ആണെന്ന് ഇന്ത്യന്‍ ചിത്രങ്ങളുടെ അവിടുത്തെ വിതരണക്കാരായ പ്രൈം മീഡിയ അറിയിച്ചിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 12.3 കോടിയാണ് ഇത്. എല്ലാ ഭാഷാ പതിപ്പുകളും യുഎസില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ കന്നഡ ഒറിജിനലിനാണ് കളക്ഷന്‍ ഏറ്റവും കൂടുതല്‍. ഒരു മില്യണ്‍ ഡോളറും കന്നഡ ഒറിജിനലിനാണ്. തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് .5 മില്യണും നേടി. 

ALSO READ : പ്രതീക്ഷ തെറ്റിക്കാതെ ജീത്തു ജോസഫ്; 'കൂമന്‍' റിവ്യൂ

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios