ആന്‍റണി വര്‍​ഗീസ് നായകനാവുന്ന ആക്ഷന്‍ ചിത്രം 'കാട്ടാളന്‍' മികച്ച പ്രീ-റിലീസ് ഹൈപ്പോടെയാണ് എത്തുന്നത്.

മാര്‍ക്കോ നിര്‍മ്മാതാവില്‍ നിന്ന് എത്തുന്ന അടുത്ത ചിത്രം. അതും ആക്ഷന് പ്രാധാന്യമുള്ള ചിത്രം. ആന്‍റണി വര്‍​ഗീസ് നായകനാവുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന് ലഭിച്ച പ്രധാന പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. ആക്ഷന്‍ റോളുകളില്‍ എപ്പോഴും മിന്നാറുള്ള ആന്‍റണി ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനാവുന്നു എന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ തിയറ്ററുകളില്‍ ആരംഭിച്ചിട്ടുണ്ട് ഇപ്പോള്‍. നേരത്തെ ആരംഭിച്ച അഡ്വാന്‍സ് ബുക്കിം​ഗിന് ലഭിച്ച പ്രതികരണം പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തോടുള്ള താല്‍പര്യം വെളിവാക്കുന്നതായിരുന്നു. അഡ്വാന്‍സ് ബുക്കിം​ഗില്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് അഡ്വാന്‍സ് ബുക്കിം​ഗിലൂടെ നേടിയത് 4.16 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ളത് 2.75 കോടിയും വിദേശത്തു നിന്നുള്ളത് 1.41 കോടിയുമാണ്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 1.85 കോടിയാണ്. കര്‍ണാടകം 16 ലക്ഷം, തെലുങ്ക് സംസ്ഥാനങ്ങള്‍ 42 ലക്ഷം, തമിഴ്നാട് 13 ലക്ഷം, മറ്റ് സംസ്ഥാനങ്ങള്‍ 19 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഇന്ന് തന്നെ തിയറ്ററുകളില്‍ എത്തുന്നുണ്ട്. ഈ ഭാഷാ പതിപ്പുകളുടെയും അഡ്വാന്‍സ് ബുക്കിം​ഗ് നേരത്തെ ആരംഭിച്ചിരുന്നു. മലയാളം ഒറിജിനല്‍ 2.15 കോടി നേടിയപ്പോള്‍ തമിഴ്5 ലക്ഷം, തെലുങ്ക് 38 ലക്ഷം, ഹിന്ദി 17 ലക്ഷം എന്നിങ്ങനെയാണ് ബുക്കിം​ഗ്. അര്‍ധരാത്രി വരെയുള്ള കണക്കുകളാണ് ഇത്. ട്രാക്കറായ ജെറിന്‍ ജോര്‍ജുകുട്ടിയുടേതാണ് കണക്കുകള്‍.

ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് സൂചന. 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷം വീണ്ടും സഹകരിക്കുകയാണ്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Asianet News Live | Pinarayi Vijayan | ED Raid | Malayalam Live News | Kerala News Updates