ഒന്നാമതെത്തിയിരിക്കുന്നത് മോഹൻലാലും മമ്മൂട്ടിയുമല്ല.

ബോക്സ് ഓഫീസിലെ കണക്കുകളാണ് ഒരു സിനിമയുടെ ജയ പരാജയങ്ങളെ ഇപ്പോള്‍ നിര്‍ണയിക്കുന്നത്. കോടി ക്ലബില്‍ ഇടം നേടുകയെന്നത് സിനിമാ ലോകത്ത് അഭിമാന ഘടകമായി മാറിയിരിക്കുന്നു. കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍ അത് ആഘോഷിക്കുന്നതും അതുകൊണ്ടാണ്. ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ കളക്ഷനില്‍ രണ്ടാം സഥാനത്തുള്ള ബാഹുബലിയിലെ നായകൻ പ്രഭാസ് പുതിയ ചിത്രം സലാറുമായി എത്തുമ്പോള്‍ കേരളത്തില്‍ ഏതൊക്കെ സിനിമകളാണ് മുൻനിരയില്‍ ഉള്ളതെന്നത് നോക്കുന്നത് കൗതുകകരമായിരിക്കും.

കേരള ബോക്സ് ഓഫീസ് ഇന്ത്യൻ സിനിമകള്‍ക്കൊക്കെ ഇപ്പോള്‍ വലിയ മാര്‍ക്കറ്റാണ്. വലിയ പ്രാധാന്യമാണ് മറ്റ് ഭാഷാ സിനിമാ പ്രവര്‍ത്തകരും കേരള ബോക്സ് ഓഫീസിലെ റിലീസിനെ കാണുന്നത്. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് ഒരു മലയാള സിനിമയല്ല മറിച്ച് ബാഹുബലി രണ്ടാണ്. ആ മൂന്നാം സ്ഥാനം കേരള കളക്ഷനില്‍ രണ്ടും ഒന്നുമാക്കാൻ പ്രഭാസിന് മറികടക്കേണ്ടത് മലയാളത്തിന്റെ വമ്പൻ താരം മോഹൻലാലിനെയും യുവ നടൻ ടൊവിനൊ തോമസിനെയുമൊക്കെയാണ്.

കേരള ബോക്സ് ഓഫീസിലെ ഇന്നുവരെയുള്ള കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ് ഉള്ളത്. ആദ്യമായി മലയാളത്തില്‍ 200 കോടി കളക്ഷൻ നേടിയത് ജൂഡ് ആന്തണി ജോസഫ് ടൊവിനോ തോമസ് അടക്കമുള്ള യുവ താരങ്ങളെ പ്രധാന വേഷത്തിലെത്തില്‍ എത്തിച്ച് ഒരുക്കിയ 2018 ആണ്. കേരളത്തില്‍ മാത്രം 2018 89.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നതാകട്ടെ മോഹൻലാല്‍ ചിത്രമായ ഒടിയനാണ്. ട്രോളുകള്‍ നേരിട്ട ഒരു മലയാള ചിത്രവുമായിരുന്നു ഒടിയൻ. എങ്കിലും ഒരു കാലത്ത് ഓപ്പണിംഗ് കളക്ഷൻ കേരള റെക്കോര്‍ഡ് ഒടിയന്റെ പേരിലായിരുന്നു. ഒടിയൻ കേരളത്തില്‍ ആകെ 85.15 കോടി രൂപയാണ് നേടിയിരിക്കുന്നത്.

പ്രഭാസിനെ നായകനാക്കി സലാര്‍ സിനിമ സംവിധാനം ചെയ്യുന്ന പ്രശാന്ത് നീലിന്റെ ആഗോള ഹിറ്റായ കെജിഎഫ്: ചാപ്റ്റര്‍ രണ്ടാണ് കേരള കളക്ഷനില്‍ നാലാം സ്ഥാനത്തുള്ളത്. യാഷ് നായകനായ കെജിഎഫ് ഇന്ത്യയിലൊട്ടാകെ കളക്ഷനില്‍ മുൻനിരയില്‍ എത്തിയപ്പോള്‍ അതില്‍ ഒരു നിര്‍ണായക പങ്ക് കേരളത്തില്‍ നിന്നായിരുന്നു. കേരളത്തില്‍ നിന്ന് ആകെ 68.50 കോടി രൂപയാണ് കെജിഎഫ് 2 നേടിയത്. പൃഥ്വിരാജും സലാറില്‍ എത്തുന്നതിനാല്‍ കേരള കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്താൻ പ്രഭാസിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍.

Read More: കയ്യില്‍ വെറും 300 രൂപയുമായി സിനിമാ നടനാകാൻ നാടുവിട്ടു, ഇന്ന് സൂപ്പര്‍ താരം, അവിശ്വസനീയമായ വളര്‍ച്ചയുടെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക