Asianet News MalayalamAsianet News Malayalam

KGF 2 Box Office : ബോക്സ് ഓഫീസിന്‍ മോണ്‍സ്റ്റര്‍; 'കെജിഎഫ് 2' ആദ്യദിനം ഇന്ത്യയില്‍ നിന്ന് നേടിയത്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ഓപണിംഗുകളില്‍ ഒന്ന്

kgf 2 box office first day gross india all languages yash prashanth neel
Author
Thiruvananthapuram, First Published Apr 15, 2022, 3:42 PM IST

ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ ഹൈവേയിലേക്ക് കന്നഡ സിനിമയെ നീക്കി നിര്‍ത്തിയ ചിത്രമായിരുന്നു കെജിഎഫ് (KGF). ആയതിനാല്‍ത്തന്നെ മൂന്നര വര്‍ഷത്തിനു ശേഷമെത്തുന്ന കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിനായി (KGF Chapter 2) വലിയ കാത്തിരിപ്പായിരുന്നു ചലച്ചിത്ര പ്രേമികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ് കെജിഎഫ്. ആ പ്രതീക്ഷാഭാരം ചിത്രം സാധൂകരിച്ചുവെന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് ലഭിച്ച മൌത്ത് പബ്ലിസിറ്റി. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ചിറകു വിരിച്ച് പറക്കുകയാണ് ചിത്രം. കേരളമുള്‍പ്പെടെയുള്ള എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ഒരേ തരത്തില്‍ മികച്ച അഭിപ്രായം പ്രചരിച്ചതോടെ ആകെ ഇന്ത്യന്‍ ഗ്രോസിലും വന്‍ കുതിപ്പാണ് ഈ യഷ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യദിന ഒഫിഷ്യല്‍ ഇന്ത്യന്‍ ഗ്രോസ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. ഏതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തതെന്ന വിശകലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്. 

മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

Follow Us:
Download App:
  • android
  • ios