15 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയ ചിത്രം

പുതിയ ചിത്രങ്ങളുടെ അത്രയും അപ്രവചനീയമല്ല റീ റിലീസ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ്. വലിയ പ്രേക്ഷകപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ക്ക് റീ റിലീസിലും മികച്ച ഇനിഷ്യലിന് സാധ്യതയുണ്ടെങ്കിലും അവരുടെ എല്ലാ ചിത്രങ്ങള്‍ക്കും അത് ലഭിക്കണമെന്നില്ല. താരമൂല്യമുള്ള, എന്നാല്‍ പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീനില്‍ കാണാനായി കാത്തിരിക്കുന്ന ചിത്രമാണെങ്കില്‍ റീ റിലീസ് തീയറ്ററുകാര്‍ക്കും ചാകരയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു റീ റിലീസ് സംഭവിച്ചിരിക്കുകയാണ് തെലുങ്കില്‍. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഖലീജ എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. 2010 ല്‍ ആദ്യം റിലീസ് ചെയ്യപ്പെട്ട ചിത്രം നീണ്ട 15 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൂടുതല്‍ മിഴിവോടെ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.

മെയ് 30 ന് ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ട്രാക്ക് ടോളിവുഡിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം നേടിയത് 6.5 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 8.25 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് റീ റിലീസുകളുടെ ഇന്ത്യന്‍ ഓപണിംഗ് കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ഖലീജയുടെ സ്ഥാനം. പവന്‍ കല്യാണിന്‍റെ ഗബ്ബര്‍ സിംഗിനാണ് ഇതില്‍ ഒന്നാം സ്ഥാനം. 6.75 കോടിയാണ് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. 

ഒറ്റ ദിവസത്തെ കളക്ഷന്‍ കൊണ്ട് തന്‍റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റീ റിലീസ് കളക്ഷനിലേക്കും ഖലീജയിലൂടെ മഹേഷ് ബാബു എത്തിയിട്ടുണ്ട്. മഹേഷ് ബാബുവിന്‍റെ തന്നെ മുരാരിയുടെ റീ റിലീസിലെ ലൈഫ് ടൈം ഗ്രോസ് 8.90 കോടി ആയിരുന്നു. 

ഒറിജിനല്‍ റിലീസ് നടന്ന 2010 ല്‍ ബോക്സ് ഓഫീസില്‍ ദുരന്തമായി മാറിയ ചിത്രമാണിതെന്നതാണ് ഏറ്റവും വലിയ കൗതുകം. എന്നാല്‍ പില്‍ക്കാലത്ത് ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ കാഴ്ചകളിലൂടെ പ്രേക്ഷകര്‍ക്ക് ഖലീജയോടുള്ള അഭിപ്രായം മാറി. അവരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നായി മാറി. ഒരു റീ റിലീസിന് നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചതും അതാവാം. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനമായിരുന്നു മെയ് 30. ആ ദിവസമാണ് ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം