2024 അവസാനം ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമ
അര്‍ജുന്‍ റെഡ്ഡിയിലൂടെയും അനിമലിലൂടെയുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രഭാസ് ആണ്. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എത്തിയിരുന്നു. നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണ്‍ ചിത്രത്തില്‍ നിന്നും പുറത്തായി എന്നതായിരുന്നു അത്. ദീപിക മുന്നോട്ടു വച്ചിരിക്കുന്ന വിവിധ ഡിമാന്‍ഡുകളാണ് സംവിധായകനെ ഉള്‍പ്പെടെ ചൊടിപ്പിച്ചതെന്നും അതിനാല്‍ അവര്‍ നായികാ വേഷത്തിലേക്ക് മറ്റൊരു താരത്തെ നോക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ആ റിപ്പോര്‍ട്ടുകളെ ശരിവച്ചുകൊണ്ട് പുതിയ നായികാ താരത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഏറെ കൗതുകം ഉണര്‍ത്തുന്ന കോമ്പിനേഷന്‍ ആണ് ചിത്രത്തിലൂടെ യാഥാര്‍ഥ്യമാകാനിരിക്കുന്നത്.
2017 ല്‍ അരങ്ങേറ്റം കുറിച്ച്, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബോളിവുഡ് നായിക തൃപ്തി ദിംറിയാണ് സ്പിരിറ്റില്‍ പ്രഭാസിന്‍റെ നായികയാവുന്നത്. സന്ദീപ് റെഡ്ഡി വാംഗയുടെ അനിമലില്‍ ഉള്‍പ്പെടെ തൃപ്തി ചെയ്ത വേഷങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സന്ദീപിന്‍റെ തന്നെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ തൃപ്തി എത്തുന്നതിനെ സമൂഹമാധ്യമങ്ങളില്‍ ഭൂരിഭാഗം സിനിമാപ്രേമികളും ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.
അതേസമയം ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം ലഭിക്കേണ്ടിയിരുന്ന ചിത്രമാണ് സ്പിരിറ്റ്. 20 കോടിയാണ് ദീപികയുടെ പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. 8 മണിക്കൂര്‍ ജോലി എന്ന ആവശ്യം ദീപിക നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വച്ചിരുന്നതായാണ് നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെ വരുന്നപക്ഷം ആറ് മണിക്കൂര്‍ മാത്രമേ ചിത്രീകരണം നടക്കൂ എന്നായിരുന്നു മറുവാദം. 20 കോടി പ്രതിഫലത്തിനൊപ്പം ചിത്രത്തിന്‍റെ ലാഭവിഹിതവും തനിക്ക് ലഭിക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഒപ്പം ചിത്രത്തില്‍ തെലുങ്കില്‍ സംഭാഷണങ്ങള്‍ പറയാനും ദീപിക വിസമ്മതിച്ചുവെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. 2024 അവസാനം ചിത്രീകരണം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നു സ്പിരിറ്റ്. എന്നാല്‍ ദീപിക പദുകോണിന്‍റെ ഗര്‍ഭകാലം ചിത്രീകരണം മുന്നോട്ട് നീട്ടി. ഷെഡ്യൂളില്‍ പ്രശ്നം വന്നതിന് പിന്നാലെ പിന്മാറാന്‍ ദീപിക തയ്യാറെടുത്തിരുന്നു. എന്നാല്‍ സംവിധായകന്‍ ദീപികയ്ക്ക് അനുയോജ്യമായ തരത്തില്‍ ചിത്രീകരണം മാറ്റുകയായിരുന്നു.
ജവാന്‍, കല്‍കി 2898 എഡി എന്നീ ചിത്രങ്ങളിലാണ് ദീപിക പദുകോണ്‍ അവസാനം അഭിനയിച്ച് പുറത്തെത്തിയത്. കല്‍ക്കിയുടെ രണ്ടാം ഭാഗം, സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍, ഷാരൂഖ് ഖാന്‍ നായകനാവുന്ന കിംഗ് എന്നീ ചിത്രങ്ങളില്‍ ദീപിക അഭിനയിക്കുമെന്നാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.


