ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഇതുവരെ കണ്ട ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ സിനിമ

ഒടിടി കാലത്തെ പ്രേക്ഷകരെ സംബന്ധിച്ച് സിനിമ ഏത് ഭാഷയിലേത് ആണെന്നതിലല്ല, ഉള്ളടക്കത്തിലാണ് കൂടുതല്‍ ശ്രദ്ധ. കൊവിഡ് കാലത്ത് ഒടിടി നേടിയ ജനപ്രീതിയിലാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം പ്രേക്ഷകരും മറ്റ് നിരവധി ഭാഷാ സിനിമകള്‍ കാണാന്‍ തുടങ്ങിയത്. നിലവില്‍ മലയാള സിനിമയുടെെ, മറുഭാഷാ പ്രേക്ഷകരിലേക്കുള്ള റീച്ചിലും ഈ സ്വാധീനം കാണാനാവും. ഇപ്പോഴിതാ ഒരു പുതുമുഖ താരം നായകനായ ബോളിവുഡ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ വന്‍ കൈയടി നേടുകയാണ്.

ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഇതുവരെ കണ്ട ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ കില്‍ എന്ന ചിത്രമാണ് കേരളത്തിലെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിന് ശേഷം ജൂലൈ 5 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ ചെറിയ സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം അഞ്ചാം തീയതി പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ കണ്ടവര്‍ മികച്ച അഭിപ്രായം സോഷ്യല്‍ മീഡിയയിലും മറ്റും പറഞ്ഞതോടെ കാണികള്‍ കൂടി. ഇതോടെ തിയറ്ററുകാര്‍ക്കിടയില്‍ ചിത്രത്തിന് ഡിമാന്‍ഡും ഏറി. രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ കേരളത്തിലെ എണ്‍പതോളം തിയറ്ററുകളിലാണ് കില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് റിലീസ് ദിവസം ചിത്രത്തിന് കേരളത്തില്‍ 21 ഷോ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആയപ്പോഴേക്ക് 21 എന്നത് 234 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം ചിത്രം 19.51 ലക്ഷമാണ് കേരളത്തില്‍ നിന്ന് നേടിയത്. ശനിയാഴ്ച വരെ ആകെ നേടിയത് 73.29 ലക്ഷവും. ഞായറാഴ്ചത്തെ കളക്ഷന്‍ 20 ലക്ഷം കടക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പുതുമുഖ താരം ലക്ഷ്യ ലാല്‍വാനിയാണ് ചിത്രത്തിലെ നായകന്‍. ആശിഷ് വിദ്യാര്‍ഥി മാത്രമാണ് ചിത്രത്തില്‍ മലയാളികള്‍ക്ക് പരിചിതനായ ഒരേയൊരു മുഖം. ഇത്തരത്തിലൊരു ചിത്രം തരംഗം തീര്‍ക്കുന്നതിന്‍റെ അത്ഭുതത്തിലാണ് കേരളത്തിലെ തിയറ്റര്‍ ഉടമകള്‍.

ALSO READ : 'മറിമായം' ടീമിന്‍റെ സിനിമ; 'പഞ്ചായത്ത് ജെട്ടി' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം