വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
തമിഴ് സിനിമയില്‍ നായകനിരയില്‍ അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണ് ധനുഷ്. ധനുഷിന്‍റെ സമീപകാല സിനിമകളുടെ തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചാല്‍ അത് മനസിലാവും. മാസിനെ ആകര്‍ഷിക്കുന്ന, വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫിയിലേക്ക് കൂടുതല്‍ കടന്നുവരുന്നു. അയല്‍പക്കത്തെ പയ്യന്‍ ഇമേജില്‍ കരിയര്‍ ആരംഭിച്ച ധനുഷിന്‍റെ താരമെന്ന നിലയിലെ വളര്‍ച്ചയാണ് ഇതെല്ലാം. ഇപ്പോഴിതാ ധനുഷിന്‍റെ ഏറ്റവും പുതിയ റിലീസും ബിഗ് കാന്‍വാസില്‍ ഒരുങ്ങിയ ഒന്നാണ്. മികച്ച പ്രതികരണമാണ് ആദ്യ ഷോകള്‍ക്കിപ്പുറം നേടിയത്. ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മൂല തമിഴിലും ഒപ്പം തെലുങ്കിലുമായി ഒരുക്കിയ കുബേരയാണ് ആ ചിത്രം. ധനുഷിനൊപ്പം നാഗാര്‍ജുനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം നേടിയത് 28 കോടി ആയിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര സിനിമാസ് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ കളക്ഷന്‍ അതിനേക്കാള്‍ വരും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 30 കോടി നേടിയതായാണ് അവര്‍ അറിയിക്കുന്നത്.
സുനിൽ നാരംഗ്, പുഷ്കര്‍ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സോണാലി നാരംഗ് ആണ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ജിം സർഭും ദലിപ് താഹിലും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളില്‍ ഉണ്ട്. ദേശീയ അവാർഡ് ജേതാവാണ് ശേഖർ കമ്മൂല. ബിഗ് ബജറ്റില്‍ എത്തിയിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആകെ ദൈർഘ്യം 181 മിനിറ്റ്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. അഡ്വാൻസ് ബുക്കിംഗില്‍ത്തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

