രണ്ട് ചിത്രങ്ങളും ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്

ഇന്ത്യന്‍ സിനിമയില്‍ ഈ വാരത്തിലെ റിലീസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളാണ് ആമിര്‍ ഖാന്‍ നായകനായ സിതാരെ സമീന്‍ പര്‍, ധനുഷ് നായകനായ കുബേര എന്നിവ. മൂന്ന് വര്‍ഷത്തിന് ശേഷം ആമിര്‍ ഖാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് സിതാരെ സമീന്‍ പര്‍ എങ്കില്‍ വലിയ കാന്‍വാസിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ധനുഷിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് കുബേര. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് കുബേര പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് സിതാരെ സമീന്‍ പര്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 3.89 കോടിയാണ്. എന്നാല്‍ കുബേര ആവട്ടെ 6.19 കോടിയാണ് ഇതുവരെ നേടിയ കളക്ഷന്‍. കുബേരയുടേത് തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ നേടിയത് ചേര്‍ത്ത് വച്ചുള്ള കണക്കാണ്. രണ്ട് ചിത്രങ്ങളുടെയും മോണിംഗ്, മാറ്റിനി ഷോകള്‍ മാത്രം പരിഗണിച്ചുള്ള കണക്കുമാണ് ഇത്. എന്നിരിക്കിലും ബോക്സ് ഓഫീസ് ട്രെന്‍ഡ് ഇതാണ്. കുബേരയ്ക്കാണ് സിതാരെ സമീന്‍ പര്‍ എന്ന ചിത്രത്തേക്കാള്‍ ബോക്സ് ഓഫീസില്‍ മുന്‍തൂക്കം. എന്നാല്‍ ജോണര്‍ പരിഗണിക്കുമ്പോള്‍ ആമിര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്നതും മികച്ച പ്രതികരണമാണ്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത് എന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഇരു ചിത്രങ്ങളും നല്ല പ്രകടനം കാഴ്ച വെക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. ആ സംഖ്യകള്‍ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലുമാണ് സിനിമാലോകം.

2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തുന്ന സിതാരെ സമീന്‍ പറിന്‍റെ സംവിധാനം ആര്‍ എസ് പ്രസന്നയാണ്. 2018 ല്‍ പുറത്തെത്തിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്‍റെ ഒഫിഷ്യല്‍ റീമേക്കുമാണ് ഇത്. സ്പോര്‍ട്സ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണ് സിതാരെ സമീന്‍ പര്‍. അതേസമയം ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന കുബേരയുടെ സംവിധാനം ശേഖര്‍ കമ്മുലയാണ്. ധനുഷിനൊപ്പം നാഗാര്‍ജുനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News