ബജറ്റിന്‍റെ 200 ഇരട്ടി വരുമാനം നേടിയതോടെ, ഈ വർഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും ലാഭകരമായ ചിത്രമെന്ന നേട്ടവും
ഇന്ത്യന്‍ സിനിമ എന്നത് ഓരോ വര്‍ഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ബോളിവുഡിന് മാത്രം സ്വന്തമായിരുന്ന ബോക്സ് ഓഫീസ് ഉയരങ്ങള്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയ്ക്കും സാധ്യമാണ്. അത് പലകുറി തെളിയിക്കപ്പെട്ടും കഴിഞ്ഞു. ബോളിവുഡും തെന്നിന്ത്യന്‍ സിനിമയും അല്ലാതെയുള്ള പല ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്നും ശ്രദ്ധേയ വിജയങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് പുതിയ കാലത്തിന്‍റെ പുതുമ. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്ന് സംഭവിച്ചിരിക്കുന്നത് ധോളിവുഡ് എന്ന് അറിയപ്പെടുന്ന ഗുജറാത്തി സിനിമാ മേഖലയില്‍ നിന്നാണ്.
ലാലൊ- കൃഷ്ണ സദാ സഹായതേ എന്ന ഗുജറാത്തി ചിത്രമാണ് ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഡിവോഷണല്‍ ഗ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 10 ന് ആയിരുന്നു. അഹമ്മദാബാദിലും മറ്റും നന്നേ ചെറിയ സ്ക്രീന്‍ കൗണ്ടുമായി ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യം വലിയ പ്രേക്ഷക പ്രതികരണങ്ങളും ചിത്രം നേടിയില്ല. എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോകവെ കഥ മാറി. കണ്ടവര്‍ തന്നെ ചിത്രത്തിന്‍റെ വലിയ പ്രചാരകരായി. ഫലം സ്ക്രീന്‍ കൗണ്ട് ആഴ്ച തോറും ഉയര്‍ന്നു. ഫലം 50 ദിനങ്ങള്‍ പിന്നിടുമ്പോഴും തിയറ്ററുകളില്‍ ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സിയും കളക്ഷനുമുണ്ട്.
ഗുജറാത്തി സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം ആയി മാറിയിരിക്കുകയാണ് ലാലൊ. ചെറിയ ഇന്‍ഡസ്ട്രിയായ ഗുജറാത്തി സിനിമയെ സംബന്ധിച്ച് സ്വപ്ന നേട്ടമാണ് ഇത്. ചിത്രത്തിന്‍റെ ബജറ്റ് ആണ് ഞെട്ടിക്കുന്നത്. 50 ലക്ഷം രൂപ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ബോക്സ് ഓഫീസില്‍ 100 കോടിയും കടന്ന് മുന്നേറിയിരിക്കുന്നത്. അതായത് ബജറ്റിന്‍റെ 200 ഇരട്ടി കളക്ഷന്‍! ബജറ്റും കളക്ഷനുമായുള്ള താരതമ്യം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും ലാഭം നേടിക്കൊടുത്ത ചിത്രമാണ് ഇത്. ബജറ്റിന്‍റെ 13 മടങ്ങ് ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം സൈയാരയെയാണ് ലാലൊ മറികടന്നിരിക്കുന്നത്. കാന്താര ചാപ്റ്റര്‍ 1, ഛാവ, മഹാവതാര്‍ നരസിംഹ, ലോക എന്നീ ചിത്രങ്ങളെയെല്ലാം ഈ ലിസ്റ്റില്‍ മറികടന്നിട്ടുണ്ട് ഗുജറാത്തി ചിത്രം.
കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന ഗ്രോസ് 96.34 കോടിയാണ്. വിദേശത്തുനിന്ന് 5.9 കോടിയും. അങ്ങനെ ആകെ 102.24 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബിലേക്ക് ചിത്രം ഉടന്‍ എത്തും. തിയറ്ററുകളില്‍ ഇപ്പോഴും മികച്ച ഒക്കുപ്പന്‍സി ഉള്ളതിനാല്‍ ഫൈനല്‍ ഗ്രോസ് പ്രവചിക്കാനാവില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.



