പ്രവര്‍ത്തിദിനമായിട്ടും രണ്ടാം ദിവസവും വന്‍ തിരക്കാണ് തിയറ്ററുകളില്‍

ഏത് ഭാഷാ താരങ്ങളെ എടുത്താലും കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ പ്രധാനിയാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം ഇനിഷ്യല്‍ ലഭിക്കുന്ന താരങ്ങളില്‍ സ്വാഭാവികമായും വിജയ് ഉണ്ട്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ ലിയോ അഡ്വാന്‍സ് റിസര്‍വേഷനിലൂടെത്തന്നെ കേരളത്തില്‍ മികച്ച ഓപണിംഗ് ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യദിന നേട്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 313 ലേറ്റ് നൈറ്റ് ഷോകള്‍ അടക്കം 3700 പ്രദര്‍ശനങ്ങളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് കേരളത്തില്‍ ലഭിച്ചത്. 655 സ്ക്രീനുകളിലായിരുന്നു കേരളത്തിലെ റിലീസ്. 

3700 ഷോകളില്‍ നിന്ന് 12 കോടിയാണ് ചിത്രം ഗ്രോസ് നേടിയിരിക്കുന്നത്. കേരളത്തിലെ ഓപണിംഗ് കളക്ഷനില്‍ ഇതുവരെ മുന്നിലുണ്ടായിരുന്ന ചിത്രങ്ങളെ കോടികളുടെ വ്യത്യാസത്തിലാണ് ലിയോ പിന്നിലാക്കിയിരിക്കുന്നത്. കെജിഎഫ് 2 (7.25 കോടി), ഒടിയന്‍ (6.76 കോടി), വിജയിയുടെ തന്നെ ബീസ്റ്റ് (6.6 കോടി) എന്നീ ചിത്രങ്ങളെയാണ് ലിയോ ആദ്യദിന കളക്ഷനില്‍ കേരളത്തില്‍ പിന്നിലാക്കിയിരിക്കുന്നത്. അതേസമയം തമിഴ്നാട്ടില്‍ 35 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 143 കോടിയും. കോളിവുഡ് സിനിമകളിലെ എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ഇത്. 2023 ലെ ഇന്ത്യന്‍ റിലീസുകളിലും നമ്പര്‍ 1 ഓപണിംഗ് ആണിത്. 

പ്രവര്‍ത്തിദിനമായിട്ടും രണ്ടാം ദിവസവും വന്‍ തിരക്കാണ് തിയറ്ററുകളില്‍. കേരളത്തിലെ മിക്ക തിയറ്ററുകളും രാവിലെ മുതൽ ഇന്നത്തെ അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്. മലയാളി താരം മാത്യു തോമസ് വിജയിയുടെ മകനായി എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡിഒപി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ്, എഡിറ്റിങ് ഫിലോമിൻ രാജ്, പിആർഒ പ്രതീഷ് ശേഖർ.

ALSO READ : പ്രതിഫലത്തില്‍ രജനിയെ മറികടന്നോ വിജയ്? 'ലിയോ'യില്‍ അഭിനയിച്ചതിന് 'ദളപതി'യുടെ ശമ്പളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക