ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ലോക ചാപ്റ്റർ 1 ചന്ദ്ര' ആഗോള ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുന്നു. റിലീസ് ചെയ്ത് അഞ്ചാം വാരത്തിലേക്ക് കടന്ന ചിത്രം, ഇതുവരെ 282 കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ലയാളത്തിന് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. റിലീസ് ചെയ്ത് ആദ്യദിനം പോസിറ്റീവ് റിപ്പോർട്ട് നേടിയ ലോക പിന്നീട് അങ്ങോട്ട് മികച്ച മൗത്ത് പബ്ലിസിറ്റി നേടി മുന്നേറി. കേരളത്തിന് ഒപ്പം ഇതര ഭാഷകളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിലെ കല്യാണിയുടെ പ്രകടനത്തെ പ്രേക്ഷകർ വാഴ്ത്തിപ്പാടി. ഒടുവിൽ മോഹൻലാലിന്റെ അടക്കം റെക്കോർഡുകൾ വീഴ്ത്തി ലോക ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന കാഴ്ചയും മലയാളികൾ കണ്ടു. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ചാം വാരത്തിലേക്ക് എത്തി നിൽക്കുകയാണ് ലോക.

ഡൊമനിക് അരുൺ സംവിധാനം ചെയ്ത വിസ്മയ ലോകം അഞ്ചാം വാരത്തിലെത്തുമ്പോഴും മികച്ച സ്ക്രീൻ കൗണ്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അഞ്ചാം വാരത്തിൽ 275ലധികം സ്ക്രീൻ കൗണ്ടാണ് ലോകയ്ക്കുള്ളത്. നിർമാതാവായ ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതും. ഒപ്പം തിയറ്റർ ലിസ്റ്റും ദുൽഖർ പുറത്തുവിട്ടിട്ടുണ്ട്.

ആ​ഗോള ബോക്സ് ഓഫീസിൽ ലോക എത്ര രൂപ നേടി ?

ട്രാക്കിം​ഗ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 282.5 കോടി രൂപയാണ് ലോക ഇതുവരെ നേടിയിരിക്കുന്നത്. ലോകയുടെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ഓവർസീസിൽ നിന്നും 116.2 കോടിയും ചിത്രം നേടി. ഇന്ത്യ നെറ്റ് കളക്ഷൻ 142.05 കോടിയാണ്. ​ഗ്രോസ് കളക്ഷൻ 166.3 കോടിയും. കേരള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 107.65 കോടി രൂപയും ലോക നേടിയിട്ടുണ്ടെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഓ​ഗസ്റ്റ് 28ന് ആയിരുന്നു ലോക ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. കല്യാണി പ്രിയദർശനും നസ്ലെനും പ്രധാന വേഷത്തിലെത്തിയ ലോകയിൽ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും നിർണായക വേഷത്തിൽ എത്തിയിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്