മികച്ച പ്രേക്ഷകപിന്തുണയോടെ മുന്നേറുന്ന "ലോക ചാപ്റ്റർ 1 ചന്ദ്ര" ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കേരളത്തിൽ 'തുടരും' സിനിമയുടെ കളക്ഷൻ മറികടക്കാൻ ഒരുങ്ങുന്ന ചിത്രം, ആഗോളതലത്തിൽ 300 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.

ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് അല്പം ശ്രമകരമായ കാര്യമാണ്. എന്നാൽ പ്രേക്ഷകർ ഏറ്റെടുത്ത് വലിയ തോതിൽ മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ പിന്നെ പറയണ്ടല്ലോ പൂരം. സിനിമ വൻ ഹിറ്റായി മാറും. അത്തരത്തിലൊരു സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ലോക, മുൻ റെക്കോർഡുകളെ എല്ലാം കാറ്റിൽ പറത്തി പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് 35-ാം ദിവസവും ചിത്രത്തിന് മികച്ച ബുക്കിം​ഗ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാകാനുള്ള ഒരുക്കത്തിലാണ് ലോക ചാപ്റ്റർ 1. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.91 കോടി രൂപയാണ് ഇന്റസ്ട്രി ഹിറ്റടിക്കാൻ ലോകയ്ക്ക് ഇനി ആവശ്യം. മുന്നിലുള്ളത് മോഹൻലാൽ നായകനായി എത്തിയ തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്. 118.6 കോടിയാണ് തുടരുമിന്റെ കേരള കളക്ഷൻ. നിലവിൽ കേരളത്തിൽ നിന്നുമാത്രം 116 കോടി രൂപ ലോക നേടിയിട്ടുണ്ട്.

പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 115.5 കോടി രൂപയാണ് ലോക ചാപ്റ്റർ 1 കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്. മുപ്പത്തി അഞ്ചാം ദിനമായ ഇന്നലെ 1.85 കോടി രൂപ ലോക നേടിയിട്ടുണ്ട്. ആകെമൊത്തം 294.75 കോടി രൂപയാണ് ആ​ഗോള തലത്തിൽ കല്യാണി പ്രിയദർശൻ പടം നേടിയിരിക്കുന്നത്. 118.15 കോടി നേടിയ ചിത്രം ഇന്ത്യ നെറ്റായി 150.8 കോടിയും ​ഗ്രോസ് കളക്ഷനായി 176.6 കോടിയും നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും 15.8 കോടി രൂപയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര നേടിയിരിക്കുന്നത്. തെലുങ്കിൽ നിന്നും 13. 73 കോടി രൂപ നേടിയപ്പോൾ ഹിന്ദിയിൽ നിന്നും 3.72 കോടിയും ചിത്രം നേടി. എന്തായാലും വൈകാതെ തന്നെ 300 കോടി നേടുന്ന ആദ്യ മലയാള ചിത്രവും ഇന്റസ്ട്രി ഹിറ്റുമായി(മലയാളത്തിൽ മാത്രം) ലോക മാറും എന്നാണ് കണക്കുകൂട്ടലുകൾ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്