ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

മസ്റ്റ് വാച്ച് എന്ന് അഭിപ്രായം വരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തി കാണുക പുതുകാല പ്രേക്ഷകരുടെ രീതിയാണ്. അതിനാല്‍ അത്തരത്തില്‍ അഭിപ്രായം നേടുന്ന ചിത്രങ്ങള്‍ വന്‍ കുതിപ്പാണ് ബോക്സ് ഓഫീസില്‍ നടത്താറ്. ഓണം റിലീസ് ആയി എത്തിയ ലോകയാണ് ആ നിരയിലെ അവസാന റിലീസ്. ദിവസം തോറും ബോക്സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിച്ചുകൊണ്ട് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ട്രേഡ് അനലിസ്റ്റുകള്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്ന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന 12-ാമത്തെ ചിത്രമാണ് ലോക. അതേസമയം അത് മാത്രമല്ല, ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ മലയാള ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ഏഴാം ദിവസമാണ് ലോകയുടെ 100 കോടി ക്ലബ്ബ് എന്‍ട്രി. ഈ ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ഒന്നാമത് എമ്പുരാനും രണ്ടാമത് തുടരും എന്ന ചിത്രവും. എമ്പുരാന്‍ രണ്ട് ദിവസം കൊണ്ടും തുടരും ആറ് ദിവസം കൊണ്ടുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 9 ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയിരുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തെ പിന്തള്ളിയാണ് ലോക ലിസ്റ്റില്‍ മൂന്നാമത് എത്തിയിരിക്കുന്നത്.

ലോകയുടെ നേട്ടത്തില്‍ മറ്റൊരു പ്രധാന കാര്യം കൂടി അടിവര ഇടേണ്ടതുണ്ട്. കേന്ദ്ര കഥാപാത്രമായി ഒരു നായിക എത്തുന്ന ഒരു ചിത്രം തെന്നിന്ത്യയില്‍ത്തന്നെ ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ എത്തുന്നത്. 100 കോടി ക്ലബ്ബില്‍ എത്തുന്നതിന് മുന്‍പ് തന്നെ നായിക കേന്ദ്ര കഥാപാത്രമാവുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലോക നേടിയിരുന്നു. മലയാളത്തിന് പുറമെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല കളക്ഷനും വരുന്നുണ്ട്. ഹിന്ദി പതിപ്പ് നാളെ തിയറ്ററുകളിലെത്തും. ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് കൂടി ലഭിച്ചാല്‍ സാധ്യമാവുന്ന നേട്ടം ശരിക്കും പ്രവചനാതീതമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡൊമിനിക് അരുണ്‍ ആണ് സംവിധായകന്‍.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming