ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്
മലയാളത്തില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രത്തിന്‍റെ ഒന്നിലധികം മറുഭാഷാ പതിപ്പുകള്‍ ഒരേ സമയം പ്രേക്ഷകപ്രീതി നേടുക മോളിവുഡിനെ സംബന്ധിച്ച് പുതുകാലത്ത് മാത്രം സംഭവിക്കുന്ന ഒന്നാണ്. ആ സ്വീകാര്യതയുടെ വ്യാപ്തി വര്‍ധിപ്പിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രം ഇപ്പോഴിതാ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം. പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആദ്യമായി മലയാളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയത്. 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് പുലിമുരുകന്‍. പിന്നീട് 2018, മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി. ഈ ക്ലബ്ബിലേക്ക് മലയാളത്തില്‍ നിന്നുള്ള ഏഴാമത്തെ എന്‍ട്രിയാണ് ലോക.
ആഭ്യന്തര ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ്. ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ കളക്ഷന്‍ 168 കോടി ആയിരുന്നു. തുടരും ആണ് ലിസ്റ്റില്‍ രണ്ടാമത്. 139 കോടി. എമ്പുരാന്‍ 121 കോടിയും 2018 107 കോടിയും പുലിമുരുകന്‍ 106 കോടിയും നേടി. ലിസ്റ്റിലുള്ള ആവേശത്തെ മറികടന്നാണ് ലോകയുടെ ഇപ്പോഴത്തെ നില്‍പ്പ്. 101.40 കോടിയാണ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട ലോകയുടെ ഇന്ത്യ ഗ്രോസ്. 101.15 കോടി ആയിരുന്നു ആവേശത്തിന്‍റെ ലൈഫ് ടൈം ഇന്ത്യ ഗ്രോസ്. അതേസമയം ലോകയുടെ ലൈഫ് ടൈം ഇന്ത്യ ഗ്രോസ് എത്ര ആയിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
അതേസമയം 12 ദിവസം കൊണ്ടാണ് ലോകയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ 100 കോടി നേട്ടം. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രവുമാണ് ലോക. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

