ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സ്വീകാര്യത നേടി. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് മുന്നേറുന്നത്.

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച നാലാമത്തെ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് ഈ ചിത്രം എത്തുമ്പോള്‍ ഇത്ര വലിയൊരു വിജയം നിര്‍മ്മാതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആദ്യ ദിനം, ആദ്യ ഷോകളോടെ കളി മാറി. മസ്റ്റ് വാച്ച് എന്നും ഇതുവരെ മലയാളത്തില്‍ കണ്ടിട്ടില്ലാത്തതരം അനുഭവമെന്നുമൊക്കെ അഭിപ്രായങ്ങള്‍ വന്നതോടെ തിയറ്ററുകള്‍ ജനസമുദ്രങ്ങളായി. ഓണാവധി കഴിഞ്ഞുള്ള പ്രവര്‍ത്തി ദിനങ്ങളില്‍പ്പോലും തിയറ്ററുകളിലെ തിരക്ക് തുടരുകയാണ്. റെക്കോര്‍ഡുകള്‍ പലത് ചിത്രം മാറ്റിയെഴുതുകയും ചെയ്യുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫില്‍ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ചിത്രം ഗള്‍ഫില്‍ നിന്ന് 7 മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. അതായത് 62 കോടി രൂപ. ഇതോടെ ഗള്‍ഫില്‍ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും ലോക മാറിയിട്ടുണ്ട്. വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കിയാണ് ഗള്‍ഫില്‍ ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം മലയാള സിനിമകളുടെ ആള്‍ ടൈം ഗള്‍ഫ് ബോക്സ് ഓഫീസിലെ ഒന്നാം സ്ഥാനത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ്. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ ഈ വര്‍ഷം തന്നെ എത്തിയ എമ്പുരാന്‍ ആണ് അത്.

അതേസമയം കേരളത്തില്‍ നിന്ന് ചിത്രം ഇതിനകം 71.68 കോടി ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ട് ആഴ്ച കൊണ്ട് 209.34 കോടിയും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ കളക്ഷന്‍ ഇപ്പോള്‍ ലോകയുടെ പേരിലാണ്. എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്സ്, തുടരും എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍.

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകനായ ഡൊമിനിക് അരുണിന്‍റേതാണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming