കൂലിയുടെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട്.
വൻ ഹൈപ്പോടെ എത്തിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. മാത്രവുമല്ല മറ്റ് ഭാഷകളില്‍ നിന്നുള്ള മുൻനിര താരങ്ങളും കൂലിയുടെ ഭാഗമായപ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന പ്രൊജക്റ്റായി കൂലി മാറി. കൂലിയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.കോളിവുഡില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാണ് കൂലിയുടേത് എന്നാണ് വ്യക്തമായിരിക്കുന്നത്. ട്രാക്കര്‍മാര്‍ പുറത്തുവിട്ട കളക്ഷനേക്കാളും കുറവാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ കളക്ഷൻ എന്ന പ്രത്യേകതയുമുണ്ട്. രജനികാന്തിന്റെ കൂലി ആഗോളതലത്തില്‍ 151 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നതാണ് ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍. രണ്ടാം ദിവസം 90 കോടിയോളം കൂലി നേടി എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ആകെ ആഗോളതലത്തില്‍ 243 കോടി രൂപയോളം കൂലി നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂലിയെ അഭിനന്ദിച്ച് തമിഴകത്തെ താരങ്ങളും മറ്റ് പ്രമുഖരും രംഗത്ത് എത്തിയിരുന്നു. കൂലി എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. "നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിനെ സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയതിന് അഭിനന്ദിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നാളെ റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലി എന്ന ചിത്രം നേരത്തെ കാണാൻ അവസരം ലഭിച്ചു. ഈ പവർഫുൾ മാസ് എന്റർടെയ്‌നർ ഞാൻ വളരെയധികം ആസ്വദിച്ചു, രാജ്യമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗംഭീര വിജയത്തിന് എന്റെ ഹൃദയംഗമമായ ആശംസകൾ എന്നാണ് ഉദയനിധി സ്റ്റാലിൻ കുറിച്ചത്.
ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയോളം ഗ്രോസ് ഓപ്പണിംഗ് കളക്ഷൻ കൂലി നേടിയെന്നാണ് പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റുകളായി സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. വിദേശത്ത് നിന്ന് മാത്രം 75 കോടി നേടിയെന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാതാക്കള്‍ നോര്‍ത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കണക്കുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 26.6 കോടി രൂപയും യുകെയില്‍ നിന്ന് 1.47 കോടി രൂപയും നേടി എന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കൂലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തിയിരിക്കുന്നു.
