പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റ ചിത്രം

ഒരു സിനിമയുടെ വിധി റിലീസ് ദിവസം തന്നെ തീരുമാനിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍. ആദ്യ ഷോകള്‍ക്ക് ശേഷം ഭൂരിപക്ഷവും പോസിറ്റീവ് അഭിപ്രായങ്ങള്‍ പറയുന്നപക്ഷം ചിത്രം സൂപ്പര്‍ഹിറ്റ് ആവും, അതല്ല നെ​ഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നതെങ്കില്‍ അതേപോലെ ബോക്സ് ഓഫീസില്‍ കൂപ്പ് കുത്തുകയും ചെയ്യും. അതിനാല്‍ത്തന്നെ ഒന്നുകില്‍ വന്‍ വിജയം, അല്ലെങ്കില്‍ വന്‍ പരാജയം എന്ന നിലയിലേക്ക് ലളിതവത്കരിക്കപ്പെട്ടിരിക്കുന്നു നിലവില്‍ ചിത്രങ്ങളുടെ ജയപരാജയങ്ങള്‍. അതിനാല്‍ത്തന്നെ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഇപ്പോള്‍ നിര്‍മ്മാതാവിനെ സേഫ് ആക്കുന്നത്. ഇപ്പോഴിതാ വലിയ കൊട്ടും ബഹളവുമില്ലാതെ പ്രദര്‍ശനത്തിനെത്തിയ ഒരു കൊച്ച് ചിത്രം ബോക്സ് ഓഫീസില്‍ രക്ഷ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റമായിരുന്ന മധുര മനോഹര മോഹത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോമഡി ഡ്രാമ വിഭാ​ഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 7 കോടി നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2.4 കോടിയും കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും നേടിയതായാണ് അവര്‍ അവതരിപ്പിക്കുന്ന കണക്കുകള്‍. അതായത് മൊത്തം ​​ഗ്രോസ് 9.8 കോടി. 

Scroll to load tweet…

താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ഈ കളക്ഷന്‍ കൊണ്ട് ലാഭത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ മലയാള സിനിമയിലെ സര്‍പ്രൈസ് ഹിറ്റ് ആണ് മധുര മനോഹര മോഹം. ഈ വര്‍ഷം വിജയം നേടിയ അപൂര്‍വ്വം ചിത്രങ്ങളുടെ നിരയിലേക്ക് സ്റ്റെഫി സേവ്യര്‍ ചിത്രവും ഇടംപിടിക്കും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ALSO READ : രണ്ട് ദിവസത്തില്‍ 1927 കോടി! യുഎസ് ബോക്സ് ഓഫീസില്‍ ചരിത്രം രചിച്ച് ബാര്‍ബി, ഓപ്പണ്‍ഹെയ്‍മര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക