മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ റിലീസ് ആയിരുന്നു 'മധുരരാജ'യുടേത്. ഒന്‍പത് വര്‍ഷം മുന്‍പ് തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ ഒരു ചിത്രത്തിലെ നായകന്‍ വീണ്ടുമെത്തുന്ന 'മധുരരാജ'യെക്കുറിച്ച് ചലച്ചിത്ര വ്യവസായത്തിന് പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ആ പ്രതീക്ഷകള്‍ സാധീകരിക്കപ്പെട്ടോ? ഇപ്പോഴിതാ റിലീസ് ദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

കേരളത്തില്‍ 261 സ്‌ക്രീനുകളിലടക്കം ലോകമെമ്പാടും 820 തീയേറ്ററുകളിലാണ് മധുരരാജ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച് ചിത്രം ലോകമെമ്പാടുമുള്ള 820 സ്‌ക്രീനുകളില്‍ നിന്ന് ആദ്യദിനം നേടിയ ഗ്രോസ് കളക്ഷന്‍ 9.12 കോടി രൂപയാണ്. പ്രദേശങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ..

മധുരരാജ റിലീസ് ദിന കളക്ഷന്‍ (ഗ്രോസ്)

കേരളം- 4.2 കോടി

കേരളത്തിന് പുറത്ത് ഇന്ത്യന്‍ നഗരങ്ങള്‍- 1.4 കോടി

ജിസിസി- 2.9 കോടി

യുഎസ്എ- 21 ലക്ഷം

യൂറോപ്പ്- 11 ലക്ഷം

മറ്റ് ആഗോള മാര്‍ക്കറ്റുകള്‍- 30 ലക്ഷം

ആകെ- 9.12 കോടി

വിദ്യാര്‍ഥികളുടെ വേനലവധി തുടങ്ങിയിട്ടുണ്ട്. ഒപ്പം 15 ന് വിഷുവും. ഈ വാരാന്ത്യത്തില്‍ ചിത്രം മികച്ച കളക്ഷന്‍ നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. ആദ്യദിനം വൈകുന്നേരത്തോടെ പ്രധാന സെന്ററുകളിലൊക്കെ കുടുംബപ്രേക്ഷകരും ചിത്രത്തിന് എത്തിത്തുടങ്ങിയിട്ടുണ്ട്. അത്തരം പ്രേക്ഷകരില്‍ ഭേദപ്പെട്ട അഭിപ്രായം ഉണ്ടാക്കാനായാല്‍ ചിത്രം വരുന്ന ആഴ്ചകളിലും ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുന്നത് തുടരും.