ആന്ധ്രയിലും തെലുങ്കാനയിലും മാത്രമല്ല, തമിഴ്‌നാട്ടിലും (വിശേഷിച്ച് ചെന്നൈയില്‍) വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
വര്‍ഷത്തില്‍ ഒരു സിനിമ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി മഹേഷ് ബാബുവിന്റെ പതിവ് അതാണ്. 2015ല്‍ ശ്രീമന്ദുഡുവും 2016ല്‍ ബ്രഹ്മോത്സവവും 2017ല്‍ സ്‌പൈഡറും കഴിഞ്ഞ വര്‍ഷം ഭരത് അനെ നേനുവും. ഇതില്‍ വന്‍ വിജയങ്ങളും പ്രേക്ഷകരുടെ സമ്മിശ്രാഭിപ്രായം ലഭിച്ച സിനിമകളുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ റിലീസ് ആയ 'മഹര്‍ഷി' തീയേറ്ററുകളിലെത്തി മികച്ച അഭിപ്രായവും കളക്ഷനും നേടുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ഒന്‍പതിനാണ് തീയേറ്ററുകളിലെത്തിയത്. ആദ്യ നാല് ദിനങ്ങളില്‍ത്തന്നെ, ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് ചിത്രം 100 കോടി കളക്ഷന്‍ പിന്നിട്ടതായി ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നു. ആദ്യദിനങ്ങള്‍ക്ക് ശേഷവും കളക്ഷനില്‍ ഇടിവൊന്നും സംഭവിക്കാത്ത ചിത്രം അടുത്തയാഴ്ച ലാഭത്തിലാവുമെന്നാണ് വിലയിരുത്തല്‍.
നിസാം മേഖലയില്‍ ബാഹുബലി മാറ്റിനിര്‍ത്തിയാല്‍ ഒരു ചിത്രം നേടുന്ന റെക്കോര്‍ഡ് കളക്ഷനാണ് മഹര്‍ഷി നേടിയത്. മേഖലയിലെ നാല് ദിവസത്തെ കളക്ഷന്‍ 16 കോടി വരും. ആന്ധ്രയിലും തെലുങ്കാനയിലും മാത്രമല്ല, തമിഴ്‌നാട്ടിലും (വിശേഷിച്ച് ചെന്നൈയില്‍) വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിശാലിന്റെ അയോഗ്യ അല്ലാതെ കോളിവുഡില്‍ നിന്ന് മറ്റ് വന്‍ റിലീസുകളൊന്നുമില്ല എന്നതും തമിഴ്‌നാട്ടിലെ സ്വീകാര്യതയ്ക്ക് കാരണമാണ്.
നാല് ദിനങ്ങളില്‍ ചെന്നൈ സിറ്റിയില്‍ നിന്ന് 54 ലക്ഷവും ചെങ്കല്‍പെട്ട് മേഖലയില്‍ നിന്ന് 1.21 കോടിയുമാണ് മഹര്‍ഷി നേടിയത്. കര്‍ഷകരുടെ പ്രതിസന്ധികള്‍ പശ്ചാത്തലമാവുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. അല്ലാരി നരേഷ്, ജഗപതി ബാബു തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
