2025-ലെ കേരള ബോക്സ് ഓഫീസിലെ ആദ്യ ദിന കളക്ഷനില്‍ മോഹന്‍ലാലും മമ്മൂട്ടിയും ആധിപത്യം തുടരുന്നു
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ മലയാളികളുടെ ആദ്യ ചോയ്സ് മോഹന്‍ലാലോ മമ്മൂട്ടിയോ ആണ്. അതിനിടെ സംവിധായകരില്‍ തലമുറ മാറ്റം പലകുറി സംഭവിച്ചിട്ടും മോളിവുഡിന്‍റെ താരനിരയിലെ മുന്‍ കസേരകളില്‍ ഇപ്പോഴും ഇവര്‍ തന്നെ. സിനിമ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇക്കാലത്തും അതിനൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നു എന്നതാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വിജയം. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ കൗതുകകരമായ ഒരു ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. 2025 ല്‍ മലയാള സിനിമകള്‍ കേരളത്തില്‍ നിന്ന് നേടിയ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച ലിസ്റ്റ് ആണ് അത്. ആ ഗണത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് ലിസ്റ്റില്‍.
ഏറ്റവും പുതിയ താരങ്ങളുടെ ചിത്രങ്ങള്‍ പോലും ഉള്‍പ്പെട്ടിട്ടുള്ള ലിസ്റ്റില്‍ പക്ഷേ ലീഡ് മോഹന്‍ലാലിനും മമ്മൂട്ടിക്കും തന്നെ. ലിസ്റ്റിലെ പത്ത് ചിത്രങ്ങളില്‍ ആറ് ചിത്രങ്ങളും ഇവരുടേതാണ്. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ച മൂന്ന് മലയാള ചിത്രങ്ങള്‍ വീതമാണ് ഈ വര്‍ഷം ഇതുവരെ തിയറ്ററുകളില്‍ എത്തിയത്. ഈ ആറ് ചിത്രങ്ങളും കേരള ടോപ്പ് ഓപണിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവയാണ് മോഹന്‍ലാലിന്‍റേതെങ്കില്‍ ഈ വാരാന്ത്യത്തില്‍ എത്തിയ കളങ്കാവല്‍, ബസൂക്ക, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നിവയാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ റിലീസുകള്‍.
ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും മികച്ച ഓപണിംഗ് നേടിയ ചിത്രം എമ്പുരാന്‍ ആണ്. 14.07 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ഏത് ഭാഷാ ചിത്രങ്ങള്‍ എടുത്താലും കേരളത്തിലെ ആള്‍ ടൈം റെക്കോര്‍ഡും എമ്പുരാന്‍റെ പേരില്‍ത്തന്നെയാണ്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തുടരും ആണ്. 5.10 കോടിയാണ് കേരള ഓപണിംഗ്. മൂന്നാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് കളങ്കാവല്‍ ആണ്. 4.92 കോടിയാണ് ചിത്രത്തിന്‍റെ കേരള ഓപണിംഗ്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറേ ആണ് നാലാമത്. 4.68 കോടിയാണ് കേരള ഓപണിംഗ് കളക്ഷന്‍.
മോഹന്‍ലാലിന്‍റെ ഹൃദയപൂര്‍വ്വം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയാണ് അഞ്ച്, ആറ് സ്ഥാനങ്ങളില്‍. കളക്ഷന്‍ യഥാക്രമം 3.26 കോടിയും 3.23 കോടിയും. മലയാളത്തിലെ എക്കാലത്തെയും വലിയ ഗ്രോസര്‍ ആയി മാറിയ ലോകയാണ് ലിസ്റ്റില്‍ ഏഴാമത്. 2.70 കോടിയാണ് കളക്ഷന്‍. എട്ടാമത് നസ്‍ലെന്‍ നായകനായ ആലപ്പുഴ ജിംഖാനയാണ്. 2.62 കോടിയാണ് കേരള ഓപണിംഗ്. ഒന്‍പതാം സ്ഥാനത്ത് ആസിഫ് അലിയുടെ രേഖാചിത്രം ആണ്. കളക്ഷന്‍ 1.92 കോടി. മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് ആണ് പത്താമത്. 1.85 കോടിയാണ് ആദ്യ ദിന കേരള കളക്ഷന്‍.



