Asianet News MalayalamAsianet News Malayalam

25 കോടി ക്ലബ്ബിലേക്ക് ഉണ്ണി മുകുന്ദന്‍; ബോക്സ് ഓഫീസ് കുതിപ്പ് തുടര്‍ന്ന് 'മാളികപ്പുറം'

ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

malikappuram reached 25 crore club unni mukundan anto joseph venu kunnappilly
Author
First Published Jan 12, 2023, 5:15 PM IST

സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും പ്രേക്ഷകരെ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രം ഇതുവരെ സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രം 25 കോടിയാണ് നേടിയതെന്ന് ചിത്രം നിര്‍മ്മിച്ച ബാനറുകളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഉണ്ണി മുകുന്ദന്‍റെ ആദ്യ 25 കോടി ക്ലബ്ബ് ചിത്രമാണിത്.

ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍  മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം.

ALSO READ : 'അല വൈകുണ്ഠപുരമുലോ' റീമേക്കുമായി കാര്‍ത്തിക് ആര്യന്‍; 'ഷെഹ്‍സാദ' ട്രെയ്‍ലര്‍

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Follow Us:
Download App:
  • android
  • ios